ന്യൂദല്‍ഹി: കര്‍ഷകസമരത്തെ പിന്തുണച്ച് ആഗോളതലത്തില്‍ സെലിബ്രിറ്റികള്‍ രംഗത്തെത്തുന്നതിനെപ്പറ്റി ഇത്രയ്ക്ക് പരിഭ്രമിക്കുന്നതെന്തിനെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.
ഗായിക റിഹാന, സ്വീഡിഷ് കാലാസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്, എന്നിവരെല്ലാം ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിക്കുകയാണ് ചെയ്തത്. അതില്‍ നമ്മളെന്തിനാണ് ആകുലപ്പെടുന്നത്? അദ്ദേഹം ചോദിച്ചു.
അമേരിക്കയില്‍ കറുത്തവംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാരന്‍ ശ്വാസം മുട്ടിച്ച് കൊന്നപ്പോള്‍ അതിനെതിരെ നമ്മള്‍ വിമര്‍ശനം നടത്തിയിട്ടില്ലെ എന്ന് അദ്ദേഹം ചോദിക്കുന്നു.
‘ഗ്ലോബല്‍ വില്ലേജ് യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്തിനാണ് വിമര്‍ശനങ്ങളെ ഭയക്കുന്നത്? ഭക്ഷ്യദാതാക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണം കഴിച്ചാണ് എല്ലാവരും വളരുന്നത്. അതിനാല്‍ തന്നെ ഇന്ത്യയിലെ ഭക്ഷ്യദാതാക്കളായ കര്‍ഷകരോട് അവര്‍ പിന്തുണ പ്രഖ്യാപിക്കുന്നു’, അദ്ദേഹം പറഞ്ഞു.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.
സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിഹാനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.
കോഹ്‌ലിയും സമാന നിലപാടാണ് സ്വീകരിച്ചിരുന്നത്.
‘വിയോജിപ്പുകളുടെ ഈ അവസരത്തില്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാം. രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കര്‍ഷകര്‍. സൗഹാര്‍ദ്ദപരമായി തന്നെ ഈ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, എന്നായിരുന്നു കോഹ്‌ലിയുടെ ട്വീറ്റ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Adhir Ranjan Choudary On Farmers Protest