| Thursday, 30th May 2019, 10:54 am

അധിര്‍ രഞ്ജന്‍ ചൗധരി; രാഹുല്‍ മാറുകയാണെങ്കില്‍ പരിഗണിക്കണിക്കപ്പെടുന്നവരുടെ സാധ്യത പട്ടിക ചര്‍ച്ചയിലിടം നേടിയ എംപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുകയാണെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. രാഹുലിന്റെ നിലപാട് മാറ്റാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും രാഹുല്‍ തന്റെ തീരുമാനത്തില്‍ നിന്ന് ഇത്‌വരെ പിന്മാറിയിട്ടില്ല. പുതിയ അദ്ധ്യക്ഷനെ കണ്ടെത്താന്‍ ഒരു മാസത്തെ സമയം മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കുകയാണ് രാഹുല്‍ ചെയ്തിട്ടുള്ളത്.

രാഹുല്‍ ഗാന്ധി മാറുകയാണെങ്കില്‍ ആര് എന്ന ചര്‍ച്ചയും കോണ്‍ഗ്രസില്‍ ആരംഭിച്ചു കഴിഞ്ഞു. സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍, അമരീന്ദര്‍ സിംഗ്, അധിര്‍ രഞ്ജന്‍ ചൗധരി എന്നീ പേരുകളാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ പകരക്കാരായി ചര്‍ച്ച ചെയ്യപ്പെടുന്നത്.

63കാരനായ അധിര്‍ രഞ്ജന്‍ ചൗധരിയാണ് ബംഗാളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മുര്‍ഷിദാബാദ് ജില്ലയിലെ ബഹറാംപൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപൂര്‍ബ്ബ സര്‍ക്കാരിനെ 78000 വോട്ടുകള്‍ക്കാണ് ചൗധരി പരാജയപ്പെടുത്തിയത്. ബംഗാളില്‍ മികച്ച മുന്നേറ്റം നടത്തിയ ബിജെപിയെയും സംസ്ഥാനം ഭരിക്കുന്ന തൃണമൂലിനെയും നേരിട്ടു കൊണ്ടാണ് ചൗധരിയുടെ വിജയം എന്നത് ശ്രദ്ധേയമാണ്.

മോദി തരംഗം രാജ്യത്തൊട്ടാകെ വീശിയടിച്ചപ്പോള്‍ ബഹറാംപൂരിലെ ചൗധരിയുടെ വിജയം കിഴക്കേ ഇന്ത്യന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് സമ്മാനിച്ചത്. 2014ലും ചൗധരി വിജയം നേടിയിരുന്നു. തൃണമൂലിന്റെ സെലബ്രിറ്റി സ്ഥാനാര്‍ത്ഥി ഇന്ദ്രാണി സെന്നിനെയാണ് ചൗധരി പരാജയപ്പെടുത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസും സിപിഐഎമ്മും ബംഗാളില്‍ വലിയ തോതില്‍ വിജയം നേടുമ്പോഴും മുര്‍ഷിദാബാദ് മേഖലയില്‍ കോണ്‍ഗ്രസിന് വലിയ പോറലേല്‍ക്കാതെ കൊണ്ട്പോവാന്‍ ചൗധരിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബംഗാളില്‍ 43 സീറ്റ് നേടിയിരുന്നു. സി.പി.ഐഎമ്മിനോടൊപ്പം സഖ്യം സാധ്യമാക്കിയതും സി.പി.ഐ.എമ്മിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടിയതും ചൗധരി കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരുന്നപ്പോഴായിരുന്നു.

ബംഗാളില്‍ തകരാതെ കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ടു പോവാന്‍ കഴിഞ്ഞ ചൗധരിയുടെ നേതൃത്വ മികവാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരുടെ സാധ്യത ആലോചനകളില്‍ ഇടം നേടാന്‍ ചൗധരിയെ സഹായിച്ചത്.

We use cookies to give you the best possible experience. Learn more