'രാഷ്ട്രപത്‌നി' വിവാദം; അധീര്‍ രഞ്ജന്‍ ചൗധരി മാപ്പുപറഞ്ഞു
national news
'രാഷ്ട്രപത്‌നി' വിവാദം; അധീര്‍ രഞ്ജന്‍ ചൗധരി മാപ്പുപറഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th July 2022, 8:08 pm

ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ചതിന് മാപ്പുപറഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന് കാണിച്ച് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിക്ക് കത്തയച്ചു. പിഴവ് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രഞ്ജന്‍ ചൗധരി കത്തില്‍ പറയുന്നുണ്ട്.

ചൗധരിയുടെ പരാമര്‍ശത്തിനെതിരെ ഭരണഘടനാ പദവിയെയും, ആദിവാസി പാരമ്പര്യത്തെയും കോണ്‍ഗ്രസ് അപമാനിച്ചുവെന്ന പേരില്‍ മന്ത്രിമാരായ സ്മൃതി ഇറാനിയും നിര്‍മല സീതാരാമനും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

അതിനിടെ, രാഷ്ട്രപത്‌നി വിവാദത്തില്‍ പാര്‍ലമെന്റില്‍ സ്മൃതി ഇറാനിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മില്‍ വാക്‌പോര് നടന്നിരുന്നു.

സ്മൃതി ഇറാനി സോണിയാ ഗാന്ധിയുടെ നേരെ കൈചൂണ്ടി ആംഗ്യം കാണിക്കുകയും ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു. സോണിയാ ഗാന്ധി സ്മൃതി ഇറാനിയുടെ പ്രതിഷേധത്തെ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് മന്ത്രിയോട് ആംഗ്യം കാണിക്കുകയും ദേഷ്യത്തോടെ തിരിച്ചും സംസാരിച്ചു.

തന്നോട് സംസാരിക്കരുതെന്ന് ഒരു ബി.ജെ.പി അംഗത്തോട് സോണിയാ ഗാന്ധി പറഞ്ഞതായി ധനമന്ത്രി നിര്‍മല സീതാരാമനും ആരോപിച്ചു. എന്നാല്‍ ബി.ജെ.പി നേതാവിന്റെ പേര് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ല. പിയൂഷ് ഗോയലടക്കമുള്ള ചില ബി.ജെ.പി നേതാക്കളും സോണിയ ഗാന്ധിക്കെതിരെ തിരിഞ്ഞിരുന്നു.

അതേസമയം, സോണിയാ ഗാന്ധിക്കെതിരെയുള്ള നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവരുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഭാ അധ്യക്ഷന് കത്തയച്ചു.

അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും പിയൂഷ് ഗോയലും നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വെള്ളിയാഴ്ച സഭാ ചെയര്‍മാന് കത്തയച്ചത്.

‘സഭയുടെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചതിന് അവര്‍ മാപ്പ് പറയണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’എന്ന് ഖാര്‍ഗെ കത്തില്‍ പറയുന്നു.

വിഷയം സഭയില്‍ ഉന്നയിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും ചട്ടം 258 പ്രകാരം ശൂന്യവേളയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. രാജ്യസഭയില്‍ സോണിയാ ഗാന്ധിക്കെതിരെ സീതാരാമനും ഗോയലും നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ചൗധരിയുടെ ‘രാഷ്ട്രപത്‌നി’ പരാമര്‍ശത്തില്‍ സോണിയ ഗാന്ധിയുമായി നേരത്തെ ഏറ്റുമുട്ടിയതിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.

ഇറാനിക്കെതിരെ നടപടിയെടുക്കാന്‍ വിഷയം പ്രിവിലേജസ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി പാര്‍ട്ടി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Content highlight: Adhir Ranjan Chowdhury apoligises to President Droupadi Murmu over ‘Rashtrapatni’ remark