| Friday, 15th March 2024, 12:18 pm

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം; പ്രതിഷേധവുമായി അധീര്‍ രഞ്ജന്‍ ചൗധരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി; ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ലോക്‌സഭയിലെ മുഖ്യപ്രതിപക്ഷ കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി.

212 പേരടങ്ങുന്ന പട്ടിക പരിശോധിക്കാന്‍ ഇന്നലെ രാത്രി മാത്രമാണ് തനിക്ക് സമയം നല്‍കിയതെന്നായിരുന്നു രഞ്ജന്‍ ചൗധരി പ്രതികരിച്ചത്.

‘വെറും ഒരു രാത്രികൊണ്ട് മാത്രം 212 ആളുകളുടെ വിവരങ്ങള്‍ പരിശോധിച്ചുകൊണ്ട് അതില്‍ ഏറ്റവും കഴിവുള്ള വ്യക്തിയെ കണ്ടെത്തുക എന്നത് ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യമാണോ?,’ ചൗധരി പറഞ്ഞു.

ഷോര്‍ട്ട് ലിസ്റ്റില്‍ ആറ് ആളുകളുടെ പേരുകള്‍ വന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പാനലിന്റെ ഭാഗമാകേണ്ടതായിരുന്നുവെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമം വന്നതോടെ സെലക്ട് കമ്മിറ്റി ഔപചാരികം മാത്രമായി മാറിയെന്നും സര്‍ക്കാര്‍ ഭൂരിപക്ഷം കൂടുതലുള്ള കമ്മിറ്റിയില്‍ എന്താണോ ആഗ്രഹിക്കുന്നത് അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ചൗധരി വ്യക്തമാക്കി.

പുതിയ കമ്മീഷണര്‍മാരെ നിയമിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പെട്ടെന്നുള്ള നീക്കത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചത്. ഈ നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തു.

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ്ങിനേയും സന്തുവിനെയുമാണ് നിയമിച്ചിരുന്നത്

പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പില്‍ രണ്ട് കമ്മിറ്റികളാണ് ഉള്ളത്. കേന്ദ്ര നിയമ മന്ത്രിയുടെ നേതൃത്വത്തില്‍ മൂന്ന് അംഗങ്ങള്‍ ഉള്ള സെര്‍ച്ച് കമ്മിറ്റിയാണ് ആദ്യത്തേത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്ന സെലക്ട് കമ്മിറ്റിയാണ് രണ്ടാം സമിതി.

രണ്ടാം സമിതിയുള്ള ഈ മൂന്ന് ആളുകളും ചേര്‍ന്നു കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷണരുടെയും മറ്റ് ആളുകളുടെയും നിയമനം നടത്തേണ്ടത് എന്നായിരുന്നു ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ച് അംഗങ്ങളുടെ ഭരണഘടനാ ബെഞ്ച് വിധിച്ചത്. എന്നാല്‍ ഈ നിയമങ്ങളെയെല്ലാം മറികടന്നു കൊണ്ടായിരുന്നു പുതിയ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ചത്.

Content Highlight: Adhir Ranjan Chowdhary react against appointment of election commissioners

We use cookies to give you the best possible experience. Learn more