| Thursday, 28th July 2022, 12:48 pm

അധിര്‍ രഞ്ജന്‍ ചൗധരിയുടെ 'രാഷ്ട്രപത്നി' പരാമര്‍ശം; ബി.ജെ.പിയോട് മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സംബന്ധിച്ചുള്ള ‘രാഷ്ട്രപത്നി’ എന്ന പരാമര്‍ശം തെറ്റായിപ്പോയെന്നും, അതില്‍ അധിര്‍ രഞ്ജന്‍ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എന്നാല്‍ ബി.ജെ.പിയോട് മാപ്പ് ചോദിക്കുന്ന പ്രശ്‌നമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്നി’ എന്ന് അഭിസംബോധന ചെയ്തത് വലിയ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഹ്രസ്വമായി നിര്‍ത്തിവച്ചിരുന്നു.

അധിര്‍ രഞ്ജന്‍ ചൗധരിയോട് മാപ്പ് പറയാന്‍ പ്രേരിപ്പിക്കുമോയെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടുള്ള ചോദ്യത്തിന്, ‘അദ്ദേഹം ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ട്’ എന്ന് പാര്‍ലമെന്റ് സമുച്ചയത്തിനുള്ളില്‍ മറുപടിയായി സോണിയ ഗാന്ധി പറഞ്ഞു.

‘രാഷ്ട്രപത്നി’ പരാമര്‍ശത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും എന്നാല്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നും വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി ബി.ജെ.പിയോട് പറഞ്ഞു. മാപ്പ് പറയിപ്പിക്കാന്‍ ബി.ജെ.പി ആരാണെന്നും ചൗധരി ചോദിച്ചു.

‘കോണ്‍ഗ്രസ് പ്രതിഷേധത്തെകുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രപതിയെ കാണാന്‍ പോകുന്നു എന്നതിനു പകരം എന്റെ വായില്‍നിന്ന് അറിയാതെ വന്നതാണ് രാഷ്ട്രപത്നി എന്ന വാക്ക്. ഒറ്റത്തവണ മാത്രമേ ഞാനത് പറഞ്ഞിട്ടുള്ളു. അത് തെറ്റായിപ്പോയെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു,’ ചൗധരി പറഞ്ഞു.

‘ഒരു ബ്രാഹ്‌മണനോ, മുസ്‌ലിമോ, ആദിവാസിയോ ആരുതന്നെ പ്രസിഡന്റ് ആയാലും അവര്‍ നമുക്ക് രാഷ്ട്രപതിയാണ്. എന്നാല്‍ തികച്ചും അറിയാതെ വന്നുപോയ ആ വാക്കിനെ എന്തുചെയ്യാന്‍ കഴിയും, ഒറ്റത്തവണമാത്രമേ ഞാനത് പറഞ്ഞിട്ടുമുള്ളു’

‘എന്നാല്‍ ഭരണത്തിലിരിക്കുന്ന ചില പാര്‍ട്ടി അംഗങ്ങള്‍ മറുകിനുമുകളില്‍ മലയുണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്റെ പ്രസംഗം കേള്‍ക്കൂ, അല്ലെങ്കില്‍ ആ വീഡിയോ കാണൂ നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം മനസിലാകും,അതിനായി നിങ്ങള്‍ ഇപ്പോള്‍ എന്നെ തൂക്കിക്കൊല്ലുമോ?’ എന്നും അധീര്‍ ചൗധരി ചോദിച്ചു.

Content Highlight:  Adhir Ranjan Chaudhary’s ‘Rashtrapatni’ reference; Sonia Gandhi says she will not apologize to BJP

We use cookies to give you the best possible experience. Learn more