തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വിദേശിയെന്ന് വിളിച്ചാക്ഷേപിച്ചതില്‍ ക്ഷമാപണം നടത്തി അധീര്‍ രഞ്ജന്‍ ചൗധരി
national news
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വിദേശിയെന്ന് വിളിച്ചാക്ഷേപിച്ചതില്‍ ക്ഷമാപണം നടത്തി അധീര്‍ രഞ്ജന്‍ ചൗധരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th January 2024, 9:05 pm

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയാനെ വിദേശിയെന്ന് വിളിച്ചതില്‍ ക്ഷമാപണം നടത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. സംഭവത്തില്‍ ഡെറക് ഒബ്രിയാനെ വിളിച്ച് മാപ്പ് പറയുകയും ഇതുസംബന്ധിച്ച് എക്സില്‍ അധീര്‍ രഞ്ജന്‍ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.

‘എം.ആര്‍. ഡെറക് ഒബ്രിയാനെ വിദേശി എന്ന പദമുപയോഗിച്ച് ആക്ഷേപിച്ചതില്‍ അദ്ദേഹത്തോട് ഞാന്‍ എന്റെ ഖേദം അറിയിച്ചു’ അധീര്‍ രഞ്ജന്‍ ചൗധരി എക്‌സില്‍ കുറിച്ച വാക്കുകള്‍.

കോണ്‍ഗ്രസ് നേതാവിന്റെ ക്ഷമാപണം ഡെറക് ഒബ്രിയാന്‍ സ്വീകരിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം സിലിഗുരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഡെറക് ഒബ്രിയാന്‍ ഒരു വിദേശിയാണ്, അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ അറിയാം, അവനോട് ചോദിക്കൂ എന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറയുകയുണ്ടായി. പശ്ചിമ ബംഗാളില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ തീരുമാനമാവാത്തതില്‍ ഡെറക് ഒബ്രിയാന്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് രഞ്ജന്‍ ചൗധരി ഈ പരാമര്‍ശം നടത്തിയത്.

അതേസമയം ഇന്ത്യാ സഖ്യത്തിന് നിരവധി എതിരാളികളുണ്ടെന്നും അതില്‍ ബി.ജെ.പിയും ചൗധരിയും ഉള്‍പ്പെടുന്നുണ്ടെന്നും ഡെറക് ഒബ്രിയാന്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് ചൗധരി പ്രവര്‍ത്തിക്കുന്നതെന്നും ഡെറക് പറഞ്ഞു.

പശ്ചിമ ബംഗാളില്‍ സഖ്യം പ്രവര്‍ത്തിക്കാത്തതിന് മൂന്ന് കാരണങ്ങള്‍ ഉണ്ട്, അത് അധിര്‍ രഞ്ജന്‍ ചൗധരി, അധീര്‍ രഞ്ജന്‍ ചൗധരി, അധീര്‍ രഞ്ജന്‍ ചൗധരി എന്ന് ഡെറക് ഒബ്രിയാന്‍ ആവര്‍ത്തിച്ച് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.

Content Highlight: Adhir Ranjan Chaudhary apologizes for calling Trinamool Congress leader a foreigner