കൊല്‍ക്കത്ത: ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരം കേന്ദ്രം കൊണ്ടുവന്ന പുതിയ ക്രിമിനല്‍ ശിക്ഷാ നിയമങ്ങള്‍ കൂടുതല്‍ നിര്‍ദ്ദയവും വ്യക്തമല്ലാത്തതുമാണെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരി. ബെറാമ്പൂര്‍ എം.പി ആയ അധിര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആണ് പുതിയ നിയമങ്ങളെ വിമര്‍ശിച്ചത്.
ഈ നിയമങ്ങള്‍ പാസ്സാക്കിയത് ഏകാധിപത്യപരമായാണ്, കൂടാതെ ഇത് മനുഷ്യത്വരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഉദാഹരണമായി ഒരു ട്രക്ക് ഡ്രൈവര്‍ കാരണം ഒരു അപകടം നടന്നാല്‍ അതിന്റെ കാരണം അന്വേഷിക്കാതെ പുതിയ നിയമപ്രകാരം അയാള്‍ ശിക്ഷിക്കപ്പെടും കൂടാതെ വിവാഹവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും പുതിയ നിയമങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ കഴിഞ്ഞിട്ടില്ല. നിയമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ് ചെയ്തതെന്നും അധിര്‍ കൂട്ടിച്ചേര്‍ത്തു.
ബംഗാളിലെ റേഷന്‍ വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച അധിര്‍ രഞ്ജന്‍ ചൗധരി റേഷന്‍ വിതരണം തകര്‍ന്നതിന്റെ പൂര്‍ണ്ണ ഉദരവാദിത്തം തൃണമൂലിനാണെന്ന് ആരോപിച്ചു. ബി.ജെ.പിയും തൃണമൂലും പരസ്പര ധാരണയോടെ ആണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം തൃണമൂല്‍ പൂര്‍ണമായും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. അത് ഒരു കാന്‍സര്‍ പോലെ വളര്‍ന്നിരിക്കുന്നെന്നും കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചിരിക്കുകയാണെന്നും അധിര്‍ പറഞ്ഞു.
ഐ.പി.സി, സി.ആര്‍.പി.സി നിയമങ്ങള്‍ക്ക് പകരമായി അവതരിപ്പിക്കപ്പെട്ട മൂന്ന് ക്രിമിനല്‍ നിയമ ബില്ലുകളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനയ ബില്ലുകള്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് പാസ്സാക്കിയത്. 140 ല്‍ അധികം പ്രതിപക്ഷ എം.പിമാരെ പാര്‍ലമെന്റില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതിന് ശേഷമാണ് പുതുക്കിയ ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.
1860ല്‍ രൂപം നല്‍കിയ ഇന്ത്യന്‍ പീനല്‍ കോഡിന്റെ ലക്ഷ്യം നീതി നല്‍കലായിരുന്നില്ല മറിച്ച്, ബ്രിട്ടീഷ് നയങ്ങളെ സംരക്ഷിക്കുകയും, ജനങ്ങള്‍ക്ക് ശിക്ഷ നല്‍കുക എന്നതായിരുന്നു എന്നും, നീതി വേഗം നടപ്പിലാക്കുക എന്നതാണ് പുതിയ ബില്ലുകളുടെ ലക്ഷ്യമെന്നും ബില്ലുകള്‍ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാ ഷാ അവകാശപ്പെട്ടിരുന്നു.
കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ക്ക് അന്ത്യമായെന്നും, രാജ്യത്തെ ജനങ്ങള്‍ക്ക് ക്ഷേമവും, സുരക്ഷയും, നീതിയും ഉറപ്പാക്കുന്നതാണ് പുതിയ ബില്ലുകളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.
പുതിയ നിയമങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ തുടങ്ങിയ മുതല്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. ബില്ലുകള്‍ക്ക് നേരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമുണ്ടാവുമെന്ന സാഹചര്യം മുന്നില്‍ നില്‍ക്കെ ആയിരുന്നു പാര്‍ലമെന്റിന് അകത്ത് കയറി ചിലര്‍ പ്രതിഷേതിച്ചതും സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടി എം.പി മാര്‍ രംഗത്ത് എത്തിയതും തുടര്‍ന്ന് എം.പിമാരെ പാര്‍ലമെന്റില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ബില്ലുകള്‍ അംഗീകാരം ലഭിച്ചപ്പോള്‍ തന്നെ മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ബില്ലുകളിലെ സങ്കീര്‍ണതകളെ വിമര്‍ശിച്ചിരുന്നു.
അതിനിടെ പുതിയ ശിക്ഷാ നിയമങ്ങള്‍ക്കെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിയ സമരം പിന്‍വലിച്ചു. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അധികാരികള്‍ പരിശോധിക്കാം എന്ന് അറിയച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സമരം തുടരുന്നത് ചരക്ക് ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
Content Highlight: Adhir Ranjan Chaowdhari talks about New criminal laws