| Thursday, 30th November 2017, 9:07 pm

'നോട്ടുനിരോധനം കൊണ്ട് കള്ളപ്പണക്കാര്‍ നന്നായി പേടിച്ചു'; ആധാര്‍ ഭൂമി തട്ടിപ്പുകാരെ കുടുക്കാനുള്ള ആയുധമെന്ന് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭൂമി തട്ടിപ്പുകാരെ മെരുക്കാനുള്ള ആയുധമാണ് ആധാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധാറുമായി ബന്ധപ്പെട്ട് പലരും കുപ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്നും മോദി പറഞ്ഞു.
റേഷന്‍ വിതരണം, സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍, മറ്റ് സര്‍ക്കാര്‍ സബ്‌സിഡികള്‍ എന്നിവയെല്ലാം ജനങ്ങളില്‍ ശരിയായ രീതിയില്‍ എത്തിക്കാന്‍ ആധാര്‍ സംവിധാനം കൊണ്ട് സാധിക്കുന്നുണ്ടെന്നും മോദി അവകാശപ്പെട്ടു. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചതും ജന്‍ ധന്‍ അക്കൗണ്ടുകള്‍ നിലവില്‍ വന്നതും സമൂഹത്തില്‍ ഇതുവരെ ഇല്ലാത്ത ഒരു സംവിധാനം കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനെത്തുടര്‍ന്ന് ഉത്തരേന്ത്യയില്‍ നിന്ന് പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.


Also Read: ‘ഒരു ഫോണ്‍വിളിക്കപ്പുറത്തുണ്ടായിരുന്ന, അബിക്ക ഇന്ന് മുതല്‍ ഒരു ഓര്‍മയാണെന്ന് ചിന്തിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല’; മിമിക്രി രംഗത്തെ കിരീടം വയ്ക്കാത്ത രാജാവിന് മഞ്ജുവിന്റെ പ്രണാമം


“മുമ്പ് പെന്‍ഷനുകള്‍ അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കാതെ അനേകം വ്യാജ അക്കൗണ്ടുകളിലേക്കായിരുന്നു പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതിനെയെല്ലാം ആധാറുമായി ബന്ധിപ്പിച്ചതിനാല്‍ തട്ടിപ്പുകള്‍ ഇല്ലാതായി. ഇപ്പോള്‍ ഭൂമി തട്ടിപ്പുകാര്‍ക്കെതിരേ പോരാടാനാണ് ആധാര്‍ ഉപയോഗിച്ച് വരുന്നത്. ഇത്തരക്കാര്‍ക്കെതിരേ പോരാടാനുള്ള ഏറ്റവും നല്ല ആയുധമാണ് ആധാര്‍.”

നോട്ടുനിരോധനം രാജ്യത്തെ ജനങ്ങളുടെ പെരുമാറ്റ രീതിയില്‍ മാറ്റം വരുത്തിയെന്നും നോട്ടുനിരോധനം കൊണ്ട് കള്ളപ്പണക്കാര്‍ നല്ല രീതിയില്‍ പേടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഇന്ന് പണമിടപാടുകള്‍ക്ക് ശരിയായ കണക്കുണ്ട്. ശരിയായ സാങ്കേതിക വിലാസമുണ്ട്. ബാങ്കുകളില്‍ വലിയ തോതില്‍ എത്തിപ്പെട്ടിരുന്ന കള്ളപ്പണത്തിന്റെ ഒഴുക്കു തടയാന്‍ നോട്ടുനിരോധനം കൊണ്ട് സാധിച്ചതായും മോദി ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more