ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നെന്ന വാര്‍ത്തയെ ശരിവെച്ച് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്‍. രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും അവ ഓണ്‍ലൈന്‍ വഴി വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നും ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സ്നോഡന്റെ വെളിപ്പെടുത്തല്‍.
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദം ശരിയല്ലെന്നും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. നേരത്തെ ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാത കച്ചവടക്കാരില്‍നിന്നും ആധാര്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് വാങ്ങാന്‍ സാധിച്ചുവെന്നായിരുന്നു ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട്. വെറും 500 രൂപമാത്രം നല്‍കി ആയിരക്കണക്കിന് ആധാര്‍ വിവരങ്ങള്‍ വാങ്ങിയെന്നായിരുന്നു വെളിപ്പെടുത്തല്‍.
ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാര സംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ) ചോര്‍ത്തിയിരിക്കാമെന്ന തരത്തില്‍ കഴിഞ്ഞവര്‍ഷം വിക്കിലീക്സിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ യു.ഐ.ഡി.എ.ഐ തള്ളിയിരുന്നു. സ്ഥാപിത താത്പര്യക്കാരായ ചിലരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു യു.ഐ.ഡി.എ.ഐയുടെ വാദം.
നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍.എസ്.എ) യില്‍നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിനെത്തുടര്‍ന്ന് റഷ്യയിലെ അജ്ഞാത കേന്ദ്രത്തില്‍ കഴിയുകയാണ് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്‍.