| Tuesday, 27th March 2018, 10:16 pm

ആധാറിന്റെ ആധികാരികത കുറയുന്നു; സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ആധാര്‍ ഉപയോഗിക്കുമ്പോള്‍ പൂര്‍ണ്ണമായ ആധികാരികതയില്ലെന്ന് യു.ഐ.ഡി.എ.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുമ്പോള്‍ ആധാര്‍ ഉപയോഗിച്ചുള്ള ബയോമെട്രിക് സേവനങ്ങളിലെ ആധികാരികതയില്‍ പൂര്‍ണ്ണതയില്ലെന്ന് യു.ഐ.ഡി.എ.ഐ സി.ഇ.ഒ അയജ് ഭൂഷണ്‍ പാണ്ഡെ. സുപ്രീംകോടതിയിലാണ് അയജ് ഭൂഷണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ പദ്ധതികളില്‍ ആധാര്‍ ഉപയോഗിച്ചുള്ള ബയോമെട്രിക് സേവനങ്ങളിലെ ആധികാരികതയില്‍ 88 ശതമാനം മാത്രമാണ് വിജയകരമാകുന്നതെന്നും 12 ശതമാനത്തോളം എന്‍ട്രികള്‍ പരാജയപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ സേവനങ്ങളില്‍ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതില്‍ 96.4 ശതമാനമായിരുന്നു 2013ലെ വിജയശതമാനമെങ്കില്‍ 2018 ആയപ്പോഴേക്കും ഇത് 88 ശതമാനമായി ചുരുങ്ങി.


Also Read:  56 ഇഞ്ച് നെഞ്ചളവുള്ള കരുത്തന് ദോക്‌ലാം പ്രശ്‌നം പരിഹരിക്കാനാകുമോ? മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി


2012ല്‍ പരാജയ ശതമാനം 0.04 ശതമാനമായിരുന്നുവെന്നായിരുന്നു യു.ഐ.ഡി.എ.ഐ പുറത്തുവിട്ട കണക്ക്. സര്‍ക്കാര്‍ സബ്സിഡി സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിലെ ഈ പരാജയം ആദ്യമായാണ് യു.ഐ.ഡി.എ.ഐ അംഗീകരിക്കുന്നത്.

ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും ഗ്യാസ് സബ്‌സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നീ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 35 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 135 സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കാണ് നിലവില്‍ ആധാര്‍ ബാധകമായിട്ടുള്ളത്.

ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ കാര്‍ഡും നിര്‍ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. എല്ലാത്തരത്തിലുള്ള പോസ്റ്റ് ഓഫീസ്, പി.പി.എഫ്, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് പദ്ധതികള്‍, കിസാന്‍ വികാസ് പത്ര എന്നീ പദ്ധതികള്‍ക്കും ആധാര്‍ ബന്ധിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

Watch This Video:

We use cookies to give you the best possible experience. Learn more