| Saturday, 25th March 2017, 4:31 pm

രാജ്യസഭയെ മറികടക്കാന്‍ ലോകസഭയില്‍ ധനകാര്യ ബില്ലില്‍ ആധാര്‍ അവതരിപ്പിച്ച് അരുണ്‍ ജെയ്റ്റലി; നികുതി ഇടപാടുകള്‍ക്കും ഇനി ആധാര്‍ കാര്‍ഡ്; ജനാധിപത്യ വിരുദ്ധ നിലപാടെന്ന് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നികുതി റിട്ടേണുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബില്ലാണ് 40 ഭേദഗതികളുമായി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആദായനികുതി റിട്ടേണുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് അടക്കമുള്ള ഭേദഗതികള്‍ നിര്‍ദേശിക്കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയിരിക്കുന്നത്.


Also read ‘കുറവനും പുലയനും ഇവിടെ പഠിക്കണ്ട ഇത് നായന്മാരുടെ കോളേജാണ്’; എം.ജി കോളേജില്‍ എ.ബി.വി.പിയുടെ ദളിത് വേട്ട 


ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കേ മറ്റുതരത്തില്‍ ഇത് രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് ലോകസഭയില്‍ ധനകാര്യ ബില്ലില്‍ നികുതി ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. മണി ബില്ലിന് രാജ്യസഭയുടെ അംഗീകാരം വേണ്ടെന്നിരിക്കെ ആധാര്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവാണ് ഫലത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്.

ബില്ലവതരണത്തിലൂടെ ജൂലായ് ഒന്നു മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനും ആധാര്‍ ആവശ്യമായി വരും.

നികുതി ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് പുറമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങളിലും ബില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നേരത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ സ്വീകരിക്കുമ്പോള്‍ പണത്തിന്റെ ഉറവിടം കാണിക്കേണ്ടതായിട്ടുണ്ടായിരുന്നു എന്നാല്‍ സംഭാവനകള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ആക്കുക വഴി പുതിയ ബില്‍ പ്രകാരം ഉറവിടം കാണിക്കേണ്ട ഉത്തരവാദിത്വം ഇനി മുതല്‍ പാര്‍ട്ടികള്‍ക്കില്ല.

കോര്‍പ്പറേറ്റുകളില്‍ നിന്ന് തെരഞ്ഞെടുപ്പ് സമയത്തും അല്ലാതെയും നിയന്ത്രണമില്ലാതെ പണം സ്വീകരിക്കാനുള്ള വഴിയാണ് ഇത് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈവന്നിരിക്കുന്നത്. നേരത്തെ പണമായോ ചെക്കായോ മാത്രമേ സംഭാവനകള്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നുള്ളുവെങ്കില്‍ നിലവില്‍ ഡിജിറ്റല്‍ പണമിടപാട് വഴി ഇലക്ട്രല്‍ ബോണ്ടായും പണം സ്വീകരിക്കാം.

ചൊവാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ച ധനകാര്യ ബില്ലിലാണ് ഇതിനുള്ള ഭേദഗതികൊണ്ടുവന്നത്. ലോക്‌സഭയില്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ധനകാര്യ ബില്ലിലാണ് 40 ഭേദഗതികള്‍ വരുത്തി ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ധനകാര്യ ബില്‍ മണി ബില്‍ ആയതിനാല്‍ ഇതിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. സര്‍ക്കാരിന് നിലവില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ വളഞ്ഞ വഴി സ്വീകരിക്കുകയായിരുന്നു എന്നാണ് പ്രതിപക്ഷ ആരോപണം.

ജനാധിപത്യ വിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. പ്രതിപക്ഷ എം.പിമാരും സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more