| Wednesday, 22nd December 2021, 1:36 pm

ജയ് ശ്രീറാമെന്ന് വിളിപ്പിച്ചെന്ന് തെളിയിച്ചാല്‍ രാജിവെക്കും; എസ്.ഡി.പി.ഐ നേതാവിന് മറുപടിയുമായി എ.ഡി.ജി.പി വിജയ് സാഖറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിപ്പാട്: പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന എസ്.ഡി.പി.ഐ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി എ.ഡി.ജി.പി വിജയ് സാഖറെ. ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിയിച്ചാല്‍ ജോലി രാജിവെക്കുമെന്ന് എ.ഡി.ജി.പി പറഞ്ഞു.

നിലവില്‍ ഇരു കേസുകളിലും അറസ്റ്റിലായവര്‍ കൃത്യത്തില്‍ നേരിട്ട പങ്കെടുത്തവരെല്ലെന്നും എ.ഡി.ജി.പി പറഞ്ഞു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലപാതക കേസില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് എസ്.ഡി.പി.ഐ നേതാവ് അഷ്‌റഫ് മൗലവി പറഞ്ഞിരുന്നത്.

”ഇന്നലെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്ന് രണ്ടു പേരെ പൊലീസ് കൊണ്ടുപോയി. രാത്രി കൊണ്ടുപോയ ഫിറോസ് എന്ന 25കാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഡി.വൈ.എസ്.പി ഓഫീസില്‍ ക്യാമറയുള്ളതിനാല്‍ എ.ആര്‍ ക്യാമ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. അതിലൊരാള്‍ക്ക് മൂത്രം പോകാത്ത അവസ്ഥ വന്നു. മറ്റു ശാരീരിക പ്രശ്‌നങ്ങളും വന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ പറഞ്ഞത് പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്നാണ്. മാറ്റിനിര്‍ത്തി മര്‍ദ്ദിക്കുമ്പോള്‍ അവര്‍ പറയുന്നത് ജയ് ശ്രീറാം വിളിക്കാനാണ്. സനാതന ധര്‍മാധിഷ്ഠിത ഹൈന്ദവതയില്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് ശ്രീരാമന്‍. ഇന്നു ശ്രീരാമന്റെ പേരു കേള്‍ക്കുമ്പോള്‍ കുറേയാളുകള്‍ ഭയപ്പെടേണ്ട സ്ഥിതിയാണ് വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ശ്രീരാമന്റെ പേരു പറഞ്ഞ് കൊല വിളിക്കുന്നു. പൊലീസുകാര്‍ അതുവിളിക്കാന്‍ നിര്‍ബന്ധിക്കുന്നു” എന്നാണ് അഷ്‌റഫ് പറഞ്ഞത്.

ആലപ്പുഴ ജില്ല പൊലീസ് മേധാവി പക്ഷപാതപരമായാണ് പെരുമാറുന്നന്നെും ആര്‍.എസ്.എസിന്റെ അജണ്ഡയ്ക്കനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രഞ്ജിത്ത് കൊലപാതക കേസില്‍ കസ്റ്റഡിയിലായ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, ഹര്‍ഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ബൈക്കുകളും പൊലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി എ.ഡി.ജി.പി വിജയ് സാഖറയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ പ്രഖ്യാപിച്ച നിരോധാനാജ്ഞ ഈ മാസം 23 വരെ നീട്ടിയിട്ടുണ്ട്. ക്രിമിനല്‍ നടപടി ക്രമം 144 പ്രകാരമാണ് നിരോധനാജ്ഞ നീട്ടിയത്.

അതേസമയം, രണ്ടു ദിവസങ്ങളിലായി ആലപ്പുഴ ജില്ലയിലെ 260 വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലേക്ക് അറസ്റ്റ് നീളാനാണ് സാധ്യത.

രണ്ടു കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും സര്‍വക്ഷി യോഗത്തിന് ശേഷം പറഞ്ഞിരുന്നത്.

സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് പൊതുജനങ്ങളും സഹകരിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ മതപരമായ ചേരിതിരിവുകളിലേക്ക് നയിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം, എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രതീഷ്, പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാന്റെ കൊലപാതകത്തില്‍ ഇനി എട്ട് പേരെയാണ് പിടികൂടാനുള്ളത്.

ഇതുവരെ കസ്റ്റഡിയിലായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്താനെത്തിയ സംഘത്തിന് വാഹനം നല്‍കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായ രണ്ടുപേര്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപകമായി പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

ഇതിന് പിന്നാലെയാണ് രഞ്ജിത്തിന് വെട്ടേറ്റത്. രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: ADGP Vijay Sakhare responds to SDPI leader

We use cookies to give you the best possible experience. Learn more