പൊലീസ് ഡ്രൈവര്‍ക്ക് മകളുടെ മര്‍ദനം: എ.ഡി.ജി.പി സുദേഷ് കുമാറിന് പുതിയ നിയമനം
Kerala News
പൊലീസ് ഡ്രൈവര്‍ക്ക് മകളുടെ മര്‍ദനം: എ.ഡി.ജി.പി സുദേഷ് കുമാറിന് പുതിയ നിയമനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th July 2018, 8:07 am

തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിന് പുതിയ നിയമനം. പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ സ്ഥാനം നഷ്ടമായ സുദേഷ് കുമാറിനാണ് കോസ്റ്റല്‍ സെക്യൂരിറ്റി എ.ഡി.ജി.പിയായി നിയമിച്ചത്.

സായുധസേനയുടെ ചുമതലയില്‍ നിന്നും നീക്കിയ സുദേഷ് കുമാറിന് അന്ന് പകരം നിയമനം നല്‍കിയിരുന്നില്ല. ഡ്രൈവറെ മര്‍ദിച്ച കേസില്‍ വിധി വരുന്നതു വരെ എ.ഡി.ജി.പിക്ക് പുതിയ നിയമനം നല്‍കരുതെന്ന് മുഖ്യമന്ത്രിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് പുതിയ നിയമനം.


Read:  വടകര കോളേജില്‍ എസ്.എഫ്.ഐ – എ.ബി.വി.പി സംഘര്‍ഷം; 7 പേര്‍ക്ക് പരിക്ക്


എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോള്‍ മകള്‍ ചീത്ത വിളിച്ചെന്നും എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നില്‍ അടിച്ചെന്നുമായിരുന്നു പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറുടെ പരാതി.

എ.ഡി.ജി.പി സുദേഷ് കുമാറിന്റെ വീട്ടില്‍ അടിമപ്പണി ചെയ്യേണ്ടി വന്നെന്നും ഗവാസ്‌കര്‍ പറഞ്ഞിരുന്നു. “മലയാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നാംകിടക്കാരാണെന്നാണ് പറയാറുളളത്.

ജോലിക്കെത്തുന്ന പൊലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിക്കും മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങിക്കും, സ്വിമ്മിങ് പൂള്‍ കഴുകിക്കും. എതിര്‍ത്താല്‍ ഭാര്യയും മകളും ശകാരിക്കും. ജാതിപ്പേര് വിളിച്ചാണ് അധിക്ഷേപിക്കുക.


Read:  വെളളക്കെട്ടിലിറങ്ങരുത്, സെല്‍ഫി എടുക്കരുത്; കോട്ടയത്ത് കര്‍ശന നിര്‍ദേശം


ഇനിയും ഈ ദാസ്യപ്പണി ചെയ്യാന്‍ വയ്യ. എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എ.ഡി.ജി.പി തന്റെ നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഗവാസ്‌ക്കര്‍ പറഞ്ഞിരുന്നു.

അതേസമയം, ബവ്‌റിജസ് കോര്‍പറേഷന്‍ എം.ഡിയിയായിരുന്ന എച്ച് വെങ്കിടേഷിനെ വിജിലന്‍സ് ഐ.ജിയായി നിയമിച്ചു. ഈ സ്ഥാനം ദീര്‍ഘനാളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. വെങ്കിടേഷിനു പകരം ഇന്റേണല്‍ സെക്യൂരിറ്റി ഡി.ഐ.ജി ജി സ്പര്‍ജന്‍ കുമാറിനെ ബവ്‌റിജസ് കോര്‍പറേഷന്‍ എം.ഡിയായി നിയമിച്ചു.