തൃശൂര്‍: ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെയുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയതില്‍ വ്യത്യസ്ത പ്രതികരണവുമായി സി.പി.ഐ.എം, സി.പി.ഐ നേതാക്കള്‍.
സന്ദര്‍ശനം ഗൗരവകരമായ വിഷയമാണെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.പി.ഐ നേതാവ് വി.എസ്. സുനില്‍കുമാര്‍ പറഞ്ഞപ്പോള്‍ സംഭവത്തെ നിസാരവത്കരിക്കുന്ന മറുപടിയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനില്‍ നിന്നുണ്ടായത്.
‘എ.ഡി.ജി.പി. എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്കെന്ത് ഉത്തരവാദിത്വം’ എന്നാണ് എം.വി. ഗോവിന്ദന്‍ ചോദിച്ചത്. ‘അതിനിപ്പോ എന്താ’ എന്നും വിഷയത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് എം.വി. ഗോവിന്ദന്‍ മറുപടി നല്‍കി. കൂടിക്കാഴ്ച ദുരൂഹമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.
തൃശൂര്‍ പൂരം നടക്കുന്ന സമയത്ത് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി എന്ന വാര്‍ത്ത ഗൗരവകരമായ വിഷയമാണെന്നായിരുന്നു തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി.എസ്. സുനില്‍ കുമാറിന്റെ പ്രതികരണം. പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും വാര്‍ത്തകളും വസ്തുതകളും തമ്മില്‍ വ്യത്യാസമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിലെ ഒരു കക്ഷി ആര്‍.എസ്.എസ് ആണെന്നാണ് താന്‍ നേരത്തെയും പറഞ്ഞിരുന്നത് എന്നും അതാണ് ഇപ്പോള്‍ മാധ്യമങ്ങളും പറയുന്നത് എന്നും വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. പൂരത്തോട് സ്‌നേഹമുള്ളവരാണ് ആര്‍.എസ്.എസുകാരെങ്കില്‍ അവര്‍ പൂരം അലങ്കോലപ്പെടുന്നത് നേരത്തെ അറിഞ്ഞപ്പോള്‍ തടയേണ്ടതായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.
പൂരം കലക്കിയാല്‍ ജയിക്കാമെന്നത് ആര്‍.എസ്.എസിന്റെ താത്പര്യമായിരുന്നു എന്നും വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. ഒരു തൃശൂര്‍കാരനെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ തോറ്റോ ജയിച്ചോ എന്നതല്ല പ്രശ്‌നമെന്നും, പൂരം കലക്കിയത് ആരാണെന്ന് അറിയലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ തൃശൂര്‍ പൂരം നടക്കുന്ന സമയത്ത് ആര്‍.എസ്.എസ്. നേതാവുമായി കൂടിക്കാഴച നടത്തിയെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെയുമായി തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു റിപ്പോര്‍ട്ട്. സന്ദര്‍ശനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായും എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരെ കണ്ണടച്ചെന്നും വിമര്‍ശനമുണ്ട്.
പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ അജിത്കുമാറില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണത്തില്‍ താന്‍ ആര്‍.എസ്.എസ്. നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി അദ്ദേഹം സമ്മതിക്കുന്നുണ്ട്. സ്വകാര്യ സന്ദര്‍ശനമായിരുന്നു എന്നാണ് അജിത്കുമാറിന്റെ വിശദീകരണം. 2023 മെയ് 22നായിരുന്നു സന്ദര്‍ശനം.
എ.ഡി.ജി.പിയുടെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചായിരുന്നു സന്ദര്‍ശനമെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. ഔദ്യോഗിക വാഹനത്തിലെ ലോഗ്ബുക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടി വരുമെന്നതിനാലാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ചതെന്നാണ് വിശദീകരണം. പകരം ആര്‍.എസ്.എസ്. പോഷക സംഘടന ഭാരവാഹിയുടെ വാഹനത്തിലായിരുന്നു യാത്ര.
എം.ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആദ്യമായി ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നു. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടത് എന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പിക്ക് ജയിക്കാനുള്ള അവസരമൊരുക്കിയത് ഈ സന്ദര്‍ശനത്തിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാര്‍ത്ത സമ്മേളനത്തില്‍ ഈ സന്ദര്‍ശനത്തെ അദ്ദേഹം നിഷേധിച്ചിരുന്നുമില്ല.
പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകളിലും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തി തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാനുള്ള ആസൂത്രണങ്ങള്‍ നടത്തിയതില്‍ എം.ആര്‍. അജിത് കുമാറിന് പങ്കുണ്ടായിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. അജിത്കുമാറാനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്ന ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കൂടിക്കാഴ്ചയെ കുറിച്ചും അന്വേഷിക്കും.
content highlights: ADGP’s meeting with RSS leader; VS Sunilkumar said it was serious, simplified by M.V. Govindan