| Tuesday, 8th October 2024, 10:53 am

എ.ഡി.ജി.പി- ആര്‍.എസ്.എസ് ബന്ധം: പ്രതിപക്ഷ പ്രമേയത്തില്‍ അടിയന്തര ചര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയില്‍ എ.ഡി.ജി.പി- ആര്‍.എസ്.എസ് ബന്ധം ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അനുവദിച്ചു. 12 മണി മുതല്‍ രണ്ടു മണിവരെ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യും.

ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തില്‍ എ.ഡി.ജി.പി ആര്‍.എസ്.എസ് ബന്ധത്തെ കുറിച്ചുള്ള ചോദ്യം നക്ഷത്ര ചിഹ്നത്തില്‍ നിന്നും ഒഴിവാക്കുകയും ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതിന്‍ മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. പിന്നാലെ സഭാ നടപടികളില്‍ നിന്നും പ്രതിപക്ഷം വിട്ടുനില്‍ക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

സഭയ്ക്കുള്ളില്‍ ചോദ്യം ചോദിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്തതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാനത്തെ എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് എങ്ങനെയാണ് പ്രാധാന്യം ഇല്ലാത്ത ചോദ്യം ആകുന്നതെന്ന് സ്പീക്കറോട് ചോദിച്ചിരുന്നു.

പിന്നാലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്പോര് ശക്തമായതിനെത്തുടര്‍ന്ന് പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പിരിച്ചുവിടുകയായിരുന്നു.

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ഒന്നിലധികം ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് മുതല്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അതില്‍ പങ്കുണ്ടെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും തൃശൂര്‍ പൂരം നടക്കുന്ന സമയത്ത് ആര്‍.എസ്.എസ് നേതാവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ ആരോപിച്ചിരുന്നു. പിന്നീടുണ്ടായ സംഭവങ്ങളും വെളിപ്പെടുത്തലുകളുമെല്ലാം ഇത് ശരിവെക്കുന്നതരത്തിലായിരുന്നു. പിന്നാലെ കൂടിക്കാഴ്ച നടന്നതിന്റെ അടുത്ത ദിവസം തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

കൂടാതെ തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പിക്ക് ജയിക്കാനുള്ള അവസരമൊരുക്കിയത് ഈ കൂടിക്കാഴ്ചയിലൂടെയാണെന്നും വി.ഡി. സതീശന്‍ നേരത്തെ ആരോപിച്ചിരുന്നു.

ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ അജിത് കുമാറില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണത്തില്‍ താന്‍ ആര്‍.എസ്.എസ്. നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി എ.ഡി.ജി.പി സമ്മതിക്കുകയും ചെയ്തു. പിന്നാലെ ഡി.ജി.പിയും അജിത് കുമാറിന്റെ കൂടിക്കാഴ്ചയില്‍ അന്വേഷണം നടത്തുകയും മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കിയിരുന്നു.

Content Highlight: ADGP-RSS nexus in Assembly: Debate on Opposition Urgent Motion

Latest Stories

We use cookies to give you the best possible experience. Learn more