|

ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച; അജിത് കുമാറിനെ വീണ്ടും വിളിപ്പിച്ച് ഡി.ജി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാറിനെ വീണ്ടും പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ച് ഡി.ജി.പി. ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ മൊഴി രേഖപ്പെടുത്തുന്നതിനായാണ് അജിത് കുമാറിനെ വിളിപ്പിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഡി.ജി.പിയെ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ച് മൊഴിയെടുക്കുന്നത്.

ദത്താത്രേയ ഹൊസബല്ല, റാം മാധവ് എന്നീ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലാണ് മൊഴി രേഖപ്പെടുത്തുന്നത്. ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി.

ഡി.ജി.പി നേരിട്ടാണ് ഇത്തവണ മൊഴിയെടുക്കുന്നത്. ഓണത്തിന് മുമ്പ് നടന്ന മൊഴിയെടുക്കലില്‍, എം.എല്‍.എ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണയങ്ങളിലും പ്രസ്തുത ആരോപണങ്ങള്‍ക്കതിരെ എ.ഡി.ജി.പി നല്‍കിയ പരാതിയിലുമാണ് മൊഴിയെടുത്തിരുന്നത്. ഈ മൊഴിയെടുക്കലില്‍ ഐ.ജി സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു.

നേരത്തെ അന്വേഷണത്തിന്റെ ഭാഗമായിആര്‍.എസ്.എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് അയച്ചിരുന്നു.സംസ്ഥാന ഇന്റലിജന്‍സ് വിഭാഗമാണ് നോട്ടീസ് നല്‍കിയത്. എം.ആര്‍. അജിത് കുമാറിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാനാണ് നോട്ടീസ് അയച്ചിരുന്നത്.

ദത്താത്രേയ ഹൊസബല്ല-എ.ഡി.ജി.പി കുടിക്കാഴ്ചയുടെ ഇടനിലക്കാരനെന്ന നിലയിലാണ് ജയകുമാറിന് നോട്ടീസ് അയച്ചത്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടന്നതിന്റെ അടുത്ത ദിവസം തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് റാം മാധവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു റാം മാധവുമായി എം.ആര്‍. അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്.

2023 ഡിസംബര്‍ അവസാനത്തോടെയായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയുടെയും ഇടനിലക്കാരന്‍ ജയകുമാര്‍ തന്നെയായിരുന്നു. ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് എല്‍.ഡി.എഫിനുള്ളില്‍ നിന്നും പോലും ആവശ്യം ഉയര്‍ന്നിരുന്നു.

Content Highlight: ADGP MR Ajith Kumar was called again by DGP

Latest Stories