ഹീറോകള്‍ നാല് പേര്‍, യഥാര്‍ത്ഥ ഹീറോ കുട്ടിയുടെ സഹോദരന്‍; അന്വേഷണത്തിന് പിന്തുണയറിച്ചവര്‍ക്ക് നന്ദിയറിച്ച് പൊലീസ്
Kerala News
ഹീറോകള്‍ നാല് പേര്‍, യഥാര്‍ത്ഥ ഹീറോ കുട്ടിയുടെ സഹോദരന്‍; അന്വേഷണത്തിന് പിന്തുണയറിച്ചവര്‍ക്ക് നന്ദിയറിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd December 2023, 4:11 pm

 

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യഥാര്‍ത്ഥ ഹീറോകള്‍ നാല് പേരാണെന്ന് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍. നിര്‍ണായക വിവരങ്ങള്‍ നല്‍കിയ കുട്ടിയും സഹോദരനും ക്യത്യമായ രേഖാ ചിത്രം വരച്ചവരുമാണ് ഈ കേസിലെ യഥാര്‍ത്ഥ ഹീറോകളെന്നും അദ്ദേഹം പറഞ്ഞു.

നാല് ദിവസം ഉറക്കമില്ലാതെയാണ് പൊലീസ് കേസ് അന്വേഷിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസവും ഓരോ മണിക്കൂറുകളിലും വിളിച്ച് കേസിന്റെ അന്വേഷണ പുരോഗതികള്‍ ചോദിച്ചറിഞ്ഞിരുന്നെന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

”ഈ കേസില്‍ ആറുവയസുകാരിയുടെ സഹോദരനാണ് യഥാര്‍ത്ഥ താരം. രണ്ടാമത്തെ താരം കുട്ടി തന്നെയാണ്. കുട്ടി നല്‍കിയ കൃത്യമായ വിവരങ്ങള്‍ അനുസരിച്ചാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. കുട്ടിയില്‍ നിന്ന് പ്രതികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിരോധമാണ് ഉണ്ടായത്.

അടുത്ത ഹീറോകള്‍ രേഖാചിത്രം വരച്ച രണ്ടു പേരാണ്. കൃത്യമായ ചിത്രമാണ് അവര്‍ വരച്ചത്. വളരെ കൃത്യതയോടെ കുട്ടി വിവരങ്ങള്‍ അവര്‍ക്ക് വിവരിച്ച് നല്‍കി. രേഖാചിത്രം വ്യക്തമായ വരച്ചതോടെ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായി.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടന്നത്. കേസ് അന്വേഷണത്തില്‍ പ്രധാന പിന്തുണ നല്‍കിയത് പൊതുജനങ്ങളാണ്. അവര്‍ നല്‍കിയ ഓരോ വിവരങ്ങളും നിര്‍ണായകമായി.

എത്രയൊക്കെ വിമര്‍ശിച്ചാലും, രാജ്യത്തെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തിലേത്. കീഴുദ്യോഗസ്ഥര്‍ മുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ കഴിവുള്ളവരാണ്. എല്ലാവരുടെയും കഴിവും ഉപയോഗിച്ചാണ് കേസ് തെളിയിക്കാന്‍ സാധിച്ചത്,” എ.ഡി.ജി.പി പറഞ്ഞു.

കേസുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കേരളാ പൊലീസ് അറിയിച്ചു.

‘കേരള ജനതയെ ഒന്നടങ്കം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ദിനങ്ങള്‍ക്ക് വിരാമം. തെളിവുകള്‍ പരമാവധി ഒഴിവാക്കാന്‍ പ്രതികള്‍ നടത്തിയ ശ്രമങ്ങള്‍ അതിജീവിച്ച് കേരള പൊലീസ് ഊണും ഉറക്കവും ഉപേക്ഷിച്ച് നടത്തിയ അന്വേഷണമാണ് ഒടുവില്‍ വിജയത്തിലെത്തിയത്. ഞങ്ങളോടൊപ്പം സഹകരിച്ച, പിന്തുണയറിയിച്ച നിങ്ങളോരോരുത്തര്‍ക്കും നന്ദി.’-പൊലീസ് പറഞ്ഞു.

അതേസമയം, ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 15 വെള്ളിയാഴ്ച വരെയാണ് കോടതി മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മാവേലിക്കര ജയിലിലേക്കും കൊട്ടാരക്കര ജയിലിലേക്കുമാണ് ഇവരെ മാറ്റുക.

ഒന്നാം പ്രതി പത്മകുമാര്‍, രണ്ടാം പ്രതി അനിതകുമാരി, മൂന്നാം പ്രതി അനുപമ എന്നിവര്‍ക്കെതിരെ കുട്ടിക്കടത്ത്, ക്രിമിനല്‍ ഗൂഢാലോചന, ദേഹോപദ്രവമേല്‍പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കുറ്റപത്രം ചുമത്തിയിരിക്കുന്നത്.

രണ്ട് അഭിഭാഷകരാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നത്. ഒന്നാം പ്രതി പത്മകുമാറിന് വേണ്ടി ഒരു അഭിഭാഷകനും രണ്ടാം പ്രതി അനിത കുമാരിക്കും മൂന്നാം പ്രതി അനുപമക്കും വേണ്ടി മറ്റൊരു അഭിഭാഷകനും ഹാജരായി. പ്രോസിക്യൂഷന്‍ വിഭാഗത്തിനായി സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ ഉമയാണ് ഹാജരായത്.

 

 

Content highlight: ADGP M.R. Ajith Kumar said that the real heroes in the six-year-old girl abduction case are four people.