തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശി ഗവാസ്‌കറാണ് പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ച്ചയായുള്ള ചീത്തവിളിയെ എതിര്‍ത്തതാണ് മര്‍ദനത്തിനു കാരണമെന്ന് ഗവാസ്‌കര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബറ്റാലിയന്‍ എ.ഡി.ജി.പി. സുദേഷ് കുമാറിന്റെ മകള്‍ക്കെതിരേയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ പരാതി നല്‍കിയത്.
ഡ്രൈവര്‍ തിരുവനന്തപുരം പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ഇന്നു രാവിലെ എ.ഡി.ജി.പിയുടെ ഭാര്യയേയും മകളേയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ ഗവാസ്‌കര്‍ കനകക്കുന്നിലേയ്ക്ക് കൊണ്ടുപോയി.
തിരികെ വരുമ്പോള്‍ വാഹനത്തില്‍ വെച്ച് മകള്‍ ഇയാളെ ചീത്തവിളിച്ചു. ഇതിനെ എതിര്‍ത്ത് വണ്ടി റോഡ് സൈഡില്‍ നിര്‍ത്തിയപ്പോള്‍ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നിലിടിച്ചെന്നാണ് പരാതി.
കഴിഞ്ഞ ദിവസങ്ങളിലും എ.ഡി.ജി.പിയുടെ ഭാര്യയും മകളും ഡ്രൈവറെ ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിനെതിരേ ഇയാള്‍ എ.ഡി.ജി.പിയോട് പരാതിപറഞ്ഞിരുന്നു.
ഈ വൈരാഗ്യമാകാം മര്‍ദനത്തിന് കാരണമെന്ന് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, ആക്ഷേപത്തെക്കുറിച്ച് വിശദീകരണം തേടിയെങ്കിലും എ.ഡി.ജി.പി പ്രതികരിക്കാന്‍ തയ്യാറായില്ല.