പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടാനൊരുങ്ങി എ.ഡി.ജി.പിയും മകളും
Kerala News
പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടാനൊരുങ്ങി എ.ഡി.ജി.പിയും മകളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2018, 3:57 pm

പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ നിന്ന് മാപ്പ് പറഞ്ഞ് രക്ഷപ്പെടാനൊരുങ്ങി എ.ഡി.ജി.പി സുദേഷ്‌കുമാറും മകളും.

ഡ്രൈവറോട് മാപ്പുപറയാന്‍ തയ്യാറാണെന്ന് അഭിഭാഷകരെ സുദേഷ്‌കുമാര്‍ അറിയിച്ചു. എന്നാല്‍ ഒത്തുതീര്‍പ്പുമായി ആരും സമീപിച്ചിട്ടില്ലെന്നും അതിന് തയാറല്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഗവാസ്‌കറോട് മകള്‍ നേരിട്ട് മാപ്പ് പറയുമെന്നും അതിന് ശേഷം കേസില്‍ നിന്നൊഴിവാകണമെന്നുമാണ് ഡി.ജി.പിയുടെ ആവശ്യം. ഇക്കാര്യം സുദേഷ്‌കുമാറിന്റെ അഭിഭാഷകന്‍ ഗവാസ്‌കറിന്റെ അഭിഭാഷകനെ അറിയിച്ചു.


Read:  സ്ത്രീ ശരീരത്തിലേക്കുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ല; ചേലാകര്‍മം നിരോധിക്കേണ്ടതു തന്നെ: സുപ്രീം കോടതി


എന്നാല്‍ തയ്യാറല്ലെന്ന നിലപാടാണ് ഗവാസ്‌കര്‍ അഭിഭാഷകരെ അറിയിച്ചത്. ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അറിഞ്ഞെങ്കിലും നേരിട്ട് ആരും സമീപിച്ചിട്ടില്ലെന്ന് ഗവസ്‌കാര്‍ അറിയിച്ചു.

എ.ഡി.ജി.പിയുടെ മകളെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി വരെ വിമര്‍ശിച്ചിട്ടും അറസ്റ്റ് ചെയ്യാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുകയാണ്. അതേസമയം, എ.ഡി.ജി.പിയുടെ മകളും ഗവാസ്‌കറുമടക്കം നാലു പേരുടെ രഹസ്യമൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും.

ഗവാസ്‌കര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് എ.ഡി.ജി.പിയുടെയും മകളുടെയും പരാതിയുണ്ട്. പ്രഭാത നടത്തത്തിനായി എ.ഡി.ജി.പിയുടെ ഭാര്യയേയും മകളേയും കനകക്കുന്നിലേയ്ക്ക് കൊണ്ടുപോയി തിരിച്ചു വരുമ്പോഴാണ് ഗവാസ്‌ക്കറിന് മര്‍ദനമേറ്റത്.