| Saturday, 31st August 2024, 2:36 pm

കേരളത്തില്‍ ബി.ജെ.പിക്ക് കളമൊരുക്കിയത് എം.ആര്‍. അജിത് കുമാര്‍; ഷാജന്‍ സ്‌കറിയയില്‍ നിന്ന് അദ്ദേഹം കൈക്കൂലി വാങ്ങി: പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി ജയിക്കാന്‍ കളമൊരുക്കി കൊടുത്തത് എ.ഡി.ജി.പി അജിത് കുമാറാണെന്ന് എം.എല്‍.എ പി.വി.അന്‍വര്‍. തൃശ്ശൂര്‍ പൂരം നടത്തിപ്പിലുണ്ടായ പ്രശ്‌നങ്ങളാണ് സുരേഷ് ഗോപിക്ക് ജയിച്ച് കയറാനുള്ള അവസരം ഉണ്ടാക്കിയതെന്നാണ് പി.വി.അന്‍വര്‍ പറയുന്നത്.

യുട്യൂബര്‍ ഷാജന്‍ സ്‌കറിയയെ കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ ഒന്നരക്കോടി രൂപ എം.ആര്‍. അജിത് കുമാര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും പി.വി. അന്‍വര്‍ പറയുന്നു. അതിന്റെ ഭാഗമായിട്ടാണ് താന്‍ നല്‍കിയ പരാതിയില്‍ ഷാജന്‍ സ്‌കറിയക്കെതിരെ 66 എഫ് പ്രകാരമുള്ള കുറ്റം ചമുത്താതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പി.വി അന്‍വറും മലപ്പുറം മുന്‍ എസ്.പി സുജിത് ദാസും തമ്മില്‍ സംസാരിച്ച ഫോണ്‍ കോള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ആരോപണം. പി.വി.അന്‍വര്‍ തന്നെയാണ് ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്.

‘തൃശ്ശൂര്‍ പൂരത്തിന്റെ ക്രമീകരണങ്ങളില്‍ പിഴവ് വരുത്തിയത് എ.ഡി.ജി.പിയാണ്. സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ തൃശ്ശൂര്‍ പൂരം മറയാക്കി. സുരേഷ് ഗോപി ജയിച്ചത് പൊലീസിന്റെ പൂരം കലക്കലിലാണ്. എ.സി.പി യുടെ സ്വന്തം താത്പര്യത്തിന് പുറത്തല്ല തൃശ്ശൂര്‍ പൂരം കലക്കിയത്,’ പി.വി.അന്‍വര്‍ പറഞ്ഞു.

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കേരള സര്‍ക്കാരിനെ ജനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി സുരേഷ് ഗോപിയെ സ്റ്റാറാക്കാനുള്ള അജണ്ടയായിരുന്നു പൊലീസ് മേധാവിക്ക് ഉണ്ടായിരുന്നതെന്നാണ് പി.വി.അന്‍വര്‍ പറയുന്നത്.

കേരള ജനത ആകമാനം ഉറ്റുനോക്കുന്ന തൃശ്ശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ വീഴ്ച വരുത്തുകയും ബി.ജെ.പിക്ക് ജയിച്ച് കേറാനുള്ള അവസരമൊരുക്കുകയുമായിരുന്നു എ.ഡി.ജി.പിയുടെ ലക്ഷ്യമെന്നാണ് എം.എല്‍.എയുടെ വിലയിരുത്തല്‍.

കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന തൃശ്ശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ ഇപ്രാവശ്യം മാത്രം വീഴ്ച വന്നത് എന്ത്‌കൊണ്ടാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് പൊലീസ് നടത്തിയ അഭിനയമാണിതെന്നും പി.വി.അന്‍വര്‍ ഉന്നയിക്കുന്നുണ്ട്.

പൂരവുമായി ബന്ധപ്പെട്ടുണ്ടായ പൊലീസിന്റെ വീഴ്ചയില്‍ റവന്യു വകുപ്പ് മന്ത്രി ഉള്‍പ്പെടെ ഇടപെട്ടിരുന്നു. എന്നിട്ടും നീക്കുപോക്കുകള്‍ക്കൊന്നും എ.സി.പി തട്ടാറായിരുന്നില്ല. എന്നാല്‍ സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈല്‍ വരവില്‍ പ്രശ്‌നങ്ങളെല്ലാം എ.സി.പി പരിഹരിക്കുന്ന സാഹചര്യമാണ് അന്നുണ്ടായത്, പി.വി.അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

കേരള സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന് മോശം പ്രതിച്ഛായ ഉണ്ടാക്കുന്ന ഉദ്യോഗസ്ഥനാണ് എ.ഡി.ജി.പി അജിത് കുമാറെന്നും ഇതിനെതിരെ താന്‍ കുറേ കാലമായി ഫൈറ്റ് ചെയ്ത് വരികയാണെന്നും ബാക്കി കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കട്ടെ എന്നുമാണ് പി.വി.അന്‍വര്‍ അഭിപ്രായപ്പെടുന്നത്.

പി.വി.അന്‍വറും മുന്‍ എസ്.പി സുജിത് ദാസും തമ്മിലുള്ള ഫോണ്‍ കോളുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി അജിത് കുമാര്‍ പൊലീസ് മേധാവിക്ക് കത്തയച്ചതായും വകുപ്പുതല അന്വേഷണം ഉണ്ടാവുമെന്നുമാണ് വിവരം.

Content Highlight: adgp ajith kumar set the opportunity for bjp to win in kerala: pv anwar

We use cookies to give you the best possible experience. Learn more