തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി ഉത്തരവ്. ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശകലനം ചെയ്തതിന് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ബറ്റാലിയൻ എ.ഡി.ജി.പി സ്ഥാനത്തേക്ക് ഒതുക്കിയാണ് സർക്കാർ ഔദ്യോഗിമായി ഉത്തരവിറക്കിയിരിക്കുന്നത്. ക്രമാസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തേക്ക് മനോജ് എബ്രഹാമിനെ നിയോഗിക്കുകയും ചെയ്തു.
ഘടകക്ഷിയായ സി.പി.ഐ ഉന്നയിച്ച പ്രധാന വിഷയങ്ങളില്‍ ഒന്നായിരുന്നു അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്നത്. ശക്തമായ സമ്മർദത്തിനൊടുവിലാണ് എ.ഡി.ജി.പി അജിത് കുമാറിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്. ആരോപണങ്ങൾ ഉയർന്ന് 36 ദിവസങ്ങൾക്ക് ശേഷമാണ് എ.ഡി.ജി.പിക്കെതിരായ നടപടി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് എ.ഡി.ജി.പിക്കെതിരായ നടപടി. ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ എ.ഡി.ജി.പിക്ക് ഗുരുതര വീഴ്ച പറ്റിയെന്നായിരുന്നു ഡി.ജി.പി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒമ്പതിലും എ.ഡി.ജി.പിക്ക് ക്ലീന്‍ചീറ്റ് ലഭിച്ചിരുന്നു.
സര്‍ക്കാരിന്റെ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ് തലവനെ കണ്ടതില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കടമയുണ്ട്. ആ വിശദീകരണത്തിന്റെ ഭാഗമാണ് സര്‍ക്കാരെടുത്ത തീരുമാനമെന്നും ബിനോയ് ബിശ്വം ചൂണ്ടിക്കാട്ടി.
തീരുമാനം സി.പി.ഐയുടെ വിജയമല്ലെന്നും ഇടതുപക്ഷ മുന്നണിയുടെ വിജയമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നടപടി വൈകിയോ എന്ന് ചോദ്യമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട്, ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Content Highlight: ADGP Ajit kumar removed from law and order charge