ബിഗ് ബാഷ് ലീഗില്‍ ചരിത്രം സൃഷ്ടിച്ച് അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്. ബി.ബി.എല്ലിലെ ഏറ്റവും വലിയ സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സുമായാണ് സ്‌ട്രൈക്കേഴ്‌സ് ബി.ബി.എല്ലിന്റെ ചരിത്രത്തില്‍ ഇടം നേടിയത്.
അഡ്‌ലെയ്ഡ് ഓവലില്‍ വെച്ചായിരുന്നു ബി.ബി.എല്ലിന്റെ 12 വര്‍ഷത്തെ ഏറ്റവും മികച്ച മത്സരം നടന്നത്. ഹൊബാര്‍ട്ട് ഹറികെയ്ന്‍സ്-അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് മത്സരത്തിലായിരുന്നു ഈ റെക്കോഡ് സൃഷ്ടിക്കപ്പെട്ടത്.
ടോസ് നേടിയ സ്‌ട്രൈക്കേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഹറികെയ്ന്‍സ് നിരയില്‍ മൂന്ന് പേര്‍ അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ സ്‌കോര്‍ പറപറന്നു. ഓപ്പണര്‍മാരായ ബെന്‍ മക്‌ഡെര്‍മോട്ടും കാലേബ് ജുവലും സാക്ക് ക്രോളിയുമാണ് ഹറികെയ്ന്‍സിനായി അര്‍ധ ശതകം തികച്ചത്.
മക്‌ഡെര്‍മോട്ട് 30 പന്തില്‍ നിന്നും 57 റണ്‍സും ജുവല്‍ 25 പന്തില്‍ നിന്നും 54 റണ്‍സും നേടി പുറത്തായപ്പോള്‍ ക്രോളി 28 പന്തില്‍ നിന്നും പുറത്താകാതെ 54 റണ്‍സ് നേടി. ഇവര്‍ക്ക് പുറമെ ടിം ഡേവിഡും ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടിയാണ് ഹറികെയ്ന്‍സ് കളം വിട്ടത്.
എന്നാല്‍ വരാനിരിക്കുന്ന വെടിക്കെട്ടിന്റെ ട്രെയ്‌ലര്‍ മാത്രമായിരുന്നു അത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌ട്രൈക്കേഴ്‌സിന് ഓപ്പണര്‍ റയാന്‍ ഗിബ്‌സണെ തുടക്കത്തിലേ നഷ്ടമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ കൂടിയായ മാറ്റ് ഷോര്‍ട്ട് വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു.
വണ്‍ ഡൗണ്‍ ബാറ്റര്‍ ക്രിസ് ലിന്നിനെ കൂട്ടുപിടിച്ച് താരം സ്‌കോര്‍ ഉയര്‍ത്തി. 29 പന്തില്‍ നിന്നും 64 റണ്‍സ് നേടി ലിന്‍ പുറത്തായി. ലിന്‍ പുറത്തായെങ്കിലും ശേഷമെത്തിയ ആദം ഹോസെയെ കൂട്ടുപിടിച്ച് ഷോര്‍ട്ട് വീണ്ടും അടി തുടര്‍ന്നു.
22 പന്തില്‍ നിന്നും 38 റണ്‍സ് നേടി ഹോസെ പുറത്താകുമ്പോഴേക്കും സ്‌ട്രൈക്കേഴ്‌സ് വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. ഒടുവില്‍ ടീം സ്‌കോര്‍ 226ലും വ്യക്തിഗത സ്‌കോര്‍ 96ലും നില്‍ക്കവെ ഷോര്‍ട്ട് ബൗണ്ടറിയടിച്ച് ടീമിന്റെ വിജയവും ഒപ്പം സെഞ്ച്വറിയും പൂര്‍ത്തിയാക്കുകയായിരുന്നു.
59 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറുമുള്‍പ്പെടെയാണ് താരം ശതകം പൂര്‍ത്തിയാക്കിയത്.
ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച ഷോര്‍ട്ട് തന്നെയാണ് കളിയിലെ താരം.
Content Highlight: Adelaide Strikers create history in BBL