| Saturday, 21st April 2012, 10:39 am

കടല്‍ക്കൊലയിലെ സത്യവാങ്മൂലം: സോളിസിറ്റര്‍ ജനറലിനെ മാറ്റി കേന്ദ്രം തടിയൂരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിയുന്നു. ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന സത്യവാങ്മൂലം അഭിഭാഷകന്റെ പിഴവ് എന്ന രീതിയില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ കോടതിയില്‍ കേന്ദ്ര നിലപാട് അറിയിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് റാവത്തിനെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

കോടതിയിലെ സത്യവാങ്മൂലം അഭിഭാഷകന്റെ തെറ്റായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ മാറ്റുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഏപ്രില്‍ 30ന് വീണ്ടും കേസ് കോടതി പരിഗണിക്കുമ്പോള്‍ അറ്റോര്‍ണി ജനറലോ സോളിസിറ്റര്‍ ജനറലോ ഹാജരാകുമെന്നാണ് അറിയുന്നത്.

സത്യവാങ്മൂലം വിവാദമായി സാഹചര്യത്തില്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്ന് കേരളവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് കേന്ദ്രത്തെ അറിയിച്ചിരുന്നു. പല കോണ്‍ഗ്രസ് നേതാക്കളും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തുവന്നിരുന്നു.

കടലിലെ വെടിവെയ്പ്പ് അന്വേഷിക്കാനോ കേസെടുക്കാനോ കേരളസര്‍ക്കാരിന് അര്‍ഹതയില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്നലെ കോടതിയെ അറിയിച്ചത്.

കപ്പലിന് ഇറ്റാലിയന്‍ പതാകയുണ്ടായിരുന്നുവെന്നും 20.5 നോട്ടിക്കല്‍ മൈലിലാണ് സംഭവമുണ്ടായതെന്നും ഇത് അന്താരാഷ്ട്ര കപ്പല്‍ചാലാണെന്നും 12 നോട്ടിക്കല്‍ മൈലില്‍ മാത്രമാണ് കേരളത്തിന് അധികാരമുള്ളതെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിപക്ഷവും ശക്തമായി രംഗത്തെത്തിയിരുന്നു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ വിഷയം മുന്നണിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന കാര്യവും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more