കാലിക്കറ്റ് എന്‍.ഐ.ടി ഗവേണിങ്ങ് ബോഡിയില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധിക സംവരണം; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവഗണന
Kerala News
കാലിക്കറ്റ് എന്‍.ഐ.ടി ഗവേണിങ്ങ് ബോഡിയില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധിക സംവരണം; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവഗണന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th September 2024, 9:01 am

കോഴിക്കോട്: എന്‍.ഐ.ടി ക്യാമ്പസ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവഗണന. വിദ്യാര്‍ത്ഥി യൂണിയനായ സ്റ്റുഡന്‍സ് അഫയേഴ്‌സ് കൗണ്‍സിലില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസംവരണമാണ് നടപ്പിലാക്കിയിട്ടുള്ളത്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പോടുകൂടി സംവരണം നടപ്പിലാവും.

ഗവേണിങ്ങ് ബോഡിയില്‍ ഉള്‍പ്പെടെ പി.എച്ച്.ഡി അക്കാദമിക് വിഭാഗം എന്നിങ്ങനെയുള്ള പ്രധാന സീറ്റുകളിലെല്ലാം മലയാളി ഇതര വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്. പ്രധാന സീറ്റുകളിലൊന്നും മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ അവസരമില്ല. എന്‍.ഐ.ടിയില്‍ നടക്കുന്ന പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

സ്പീക്കര്‍ അടക്കമുള്ള പത്തംഗ ഗവേണിങ്ങ് ബോഡിയില്‍ ജനറല്‍ സെക്രട്ടറി സീറ്റ് ഉള്‍പ്പെടെ അഞ്ച് സെക്രട്ടറി സ്ഥാനങ്ങളിലും മലയാളി വിദ്യര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല. എന്നാല്‍ മലയാളി ഇതരവിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്ത പി.എച്ച്.ഡി അക്കാദമിക് കൗണ്‍സിലില്‍ നിലവില്‍ ആരും പത്രിക പോലും സമര്‍പ്പിച്ചിട്ടില്ല.

പ്രധാനസീറ്റുകളില്‍ നിന്നെല്ലാം മലയാളി വിദ്യാര്‍ത്ഥികളെ തഴയുകയും കള്‍ച്ചറല്‍, ടെക്‌നിക്കല്‍, സ്‌പോര്‍ട്‌സ്, പി.ജി അക്കാദമിക് പ്രതിനിധി എന്നീ സീറ്റുകളിലേക്ക് മാത്രമേ ഇവര്‍ക്ക് മത്സരിക്കാന്‍ സാധിക്കുകയുമുള്ളു. ഇത്തരത്തില്‍ മലയാളി വിദ്യാര്‍ത്ഥികളോടുള്ള അവഗണന കാരണം പ്രധാന സ്ഥാനങ്ങളിലേക്ക് പത്രിക സമര്‍പ്പിക്കാന്‍ പോലും കഴിയാത്തതിനാല്‍ വിദ്യാര്‍ത്ഥികളില്‍ അമര്‍ഷത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

അതേസമയം നേരത്തേ ഓപ്പണ്‍ വോട്ടെടുപ്പ് വഴി തെരഞ്ഞെടുത്തിരുന്ന വിദ്യാര്‍ത്ഥി യൂണിയന് പകരം പുതുതായി രൂപീകരിച്ച 21 അംഗബോഡിയിലെ 10 വിദ്യാര്‍ത്ഥി പ്രതിനിധികളുടെ സീറ്റുകളും മലയാളി ഇതര വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്. പുതിയ വോട്ടിങ്ങ് ഈമെയിലൂടെയുമാണ്.

കൂടാതെ ഹോസ്റ്റല്‍, ജനറല്‍ സെക്രട്ടറി, ഫിനാന്‍സ് എന്നിങ്ങനെയുള്ള അഞ്ച് സ്ഥാനങ്ങളും മലയാളികളല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നീക്കി വെച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ഗവേണിങ്ങ് ബോഡിയുടെ സ്ട്രക്ച്ചറടക്കം മാറ്റിയ തീരുമാനം എന്‍.ഐ.ടിയിലെ ഓരോ പ്രധാനപ്പെട്ട സീറ്റിലേക്കും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചാവും തെരഞ്ഞെടുപ്പ് എന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ അധ്യയന വര്‍ഷങ്ങളിലെല്ലാം സ്റ്റുഡന്റ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിനെ ചോദ്യം ചെയ്ത് നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനെയെല്ലാം അടിച്ചമര്‍ത്താനുള്ള അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ നീക്കമാണ് നിലവിലെ സംവരണമെന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കി മുതലെടുക്കാനാണ് തുടര്‍ച്ചയായ അഡ്മിനിസ്‌ട്രേറ്റീവി വിഭാഗത്തിന്റെ നീക്കമെന്നാണ് ക്യാമ്പസിലെ പല വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നത്.

നിരവധി പ്രശ്‌നങ്ങള്‍ ക്യാമ്പസിനുള്ളില്‍ നടക്കുന്നതിനാല്‍ തന്നെ മലയാളി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുണ്ടാവുന്ന പ്രതിഷേധങ്ങളെ തടയാനുള്ള നീക്കമാണിതെന്നും ആരോപണമുണ്ട്. വിദ്യാര്‍ത്ഥികളുടെ രാത്രികാല സഞ്ചാരത്തിലുള്‍പ്പെടെ കള്‍ച്ചറല്‍ ഇവന്റുകള്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ പല പരിപാടികള്‍ക്കും തടയിടാന്‍ അധികൃതര്‍ ശ്രമിച്ചിട്ടുണ്ട്.

എന്നാല്‍ മലയാളി ഇതര വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനാണ് പുതിയ രീതിയെന്നാണ് അധികൃതരുടെ വാദം.

Content Highlight: additional reservation for north indian students in calicut NIT governing body; neglet of malayali students