വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നു. അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും നിലവില്‍ തീരുമാനത്തിലുള്ള തീരുവകള്‍ ബാധകമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. യു.എസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ വലിയ നികുതിയാണ് ഈടാക്കുന്നതെന്നും ഈ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഇറക്കുമതി തീരുവ അധിമായതിനാല്‍ തന്നെ ഇന്ത്യയില്‍ വ്യാപാരം നടത്തുന്നത് പ്രയാസകരമാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ചുമത്തുന്ന നികുതി വര്‍ധിപ്പിക്കുമെന്നും ട്രംപ് കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ ഉടന്‍ ഒപ്പുവെക്കുമെന്നും യു.എസ് പ്രസിഡന്റ് അറിയിച്ചു.
ഇതോടെ അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ മയപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
യു.എസിലേക്ക് അനധികൃതമായി കൂടിയേറിയ ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങണിയിച്ച് നാടുകടത്തിയതിന് പിന്നാലെയാണ് മോദിയുടെ യു.എസ് സന്ദര്‍ശനം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഉള്‍പ്പെടെ മോദിക്കൊപ്പമുണ്ട്. നാടുകടത്തല്‍ നടപടിയില്‍ മോദിയും ട്രംപും തമ്മില്‍ സംസാരമുണ്ടായതായി വിവരമില്ല.
കഴിഞ്ഞ ദിവസം യു.എസിലേക്കുള്ള സ്റ്റീല്‍\അലുമിനിയം ഇറക്കുമതികള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇത് ഇന്ത്യന്‍ കമ്പനികള്‍ക്കും ബാധകമാണ്. എന്നാല്‍ ട്രംപിന്റെ തീരുമാനം ഇന്ത്യയിലെ സ്റ്റീല്‍/അലുമിനിയം കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് നിഗമനം.
500 മില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും യു.എസും തമ്മില്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഏകദേശം 130 മില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. എഫ്-35 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളുടെ വ്യാപാരം അടങ്ങുന്ന പ്രതിരോധ കരാറിലും ഇരുനേതാക്കളും ചര്‍ച്ച നടത്തി. ഇന്ത്യയുമായുള്ള ആയുധ വ്യാപാരം കൂടുതല്‍ ശക്തമാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
വ്യാപാര സംബന്ധ ചര്‍ച്ചകള്‍ക്ക് പുറമെ, മുബൈ ഭീകരാക്രമണത്തിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ അംഗീകാരം നല്‍കിയതായും ട്രംപ് അറിയിച്ചു. അടുത്തിടെ, റാണയുടെ അപ്പീല്‍ ഹരജി യു.എസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റാണയെ ഇന്ത്യക്ക് കൈമാറാന്‍ അനുമതി ലഭിച്ചത്.
കൂടിക്കാഴ്ചയില്‍ ഡീല്‍ എന്ന വാക്കിന് പകര്‍പ്പവകാശമുള്ള ലോകത്തിലെ ഏക വ്യക്തിയെന്ന് താന്‍ വിശ്വസിക്കുന്നത് ട്രംപിനെയാണെന്ന് മോദി പറഞ്ഞു. ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ ഇന്ത്യ നിക്ഷ്പക്ഷമല്ലെന്നും സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മോദി വ്യക്തമാക്കി.
സ്പേസ് എക്സ് സി.ഇ.ഒ ഇലോണ്‍ മസ്‌കുമായും മോദി കൂടിക്കാഴ്ച നടത്തി.
Content Highlight: Additional import duties also apply to India; Trump is uncompromising in his meeting with Modi