കാലുകള്‍ കൊണ്ട് സ്വപ്നങ്ങള്‍ വരച്ചു കൂട്ടി ഉമ്മുല്‍ കുല്‍സു
മുഹമ്മദ് ഫാസില്‍

പാലക്കാട്: കൈകളില്ലാത്ത ഉമ്മുല്‍ കുല്‍സു എന്ന ഉല്ലു ജീവിതത്തെ വരച്ചിടുന്ന തന്റെ കാലുകള്‍ കൊണ്ടാണ്. പാലക്കാട് അപ്പക്കാട് സ്വദേശിയായ ഉല്ലുവിന് ജന്മനാ കൈകളില്ല. കൈകളുടെ അഭാവം ഉല്ലുവില്‍ നിന്ന് തട്ടിപ്പറിച്ചത് അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ കൂടിയായിരുന്നു.

എന്നാല്‍ വിത്തു പേനകളുടെ നിര്‍മ്മാണവും പെയ്ന്റിങ്ങുമായി ഉല്ലു ഇന്ന് തിരക്കിലാണ്. ഇതു വരെ നടത്തിയത് അഞ്ച് ആര്‍ട്ട് എക്സിബിഷനുകള്‍. ബാംഗ്ലൂരില്‍ നടക്കാനിരിക്കുന്ന ചിത്രപ്രദര്‍ശനത്തിന് പെയ്ന്റിങ്ങുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഉല്ലു ഇപ്പോള്‍.

മുഹമ്മദ് ഹനീഫയുടേയും ഉമൈബയുടേയും മകളാണ് ഉല്ലു. ചെറുപ്പത്തില്‍ തന്നെ ഉല്ലുവിന്റെ കഴിവുകള്‍ കണ്ടെത്തിയ പിതാവ് മകള്‍ക്കു വേണ്ട എല്ലാ പ്രോത്സാഹനങ്ങളും നല്‍കി. എന്നാല്‍ 4 വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ മരണത്തോടെ ഉല്ലുവിന്റെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി.

ഉല്ലുവിന്റെ ജീവിതത്തിലേക്ക് സുഹറ എന്ന എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിനി കടന്നു വന്നതോടെ ഉല്ലുവിന്റെ ജീവിതവും ചിത്രങ്ങളും മാറാന്‍ തുടങ്ങി. ഒരു കല്ല്യാണ വീട്ടില്‍ വെച്ച് കണ്ടുമുട്ടിയ ഇവര്‍ പിന്നീട് പരസ്പരം പ്രചോദനം ആയിത്തീര്‍ന്നു. കൂടുതലായി വീടിനു പുറത്തു പോകാന്‍ സാധിച്ചതോടെ തന്റെ ഫ്രെയിമുകളും മാറിയതായി ഉല്ലു.

ഉല്ലുവിന്റെ ജീവിതത്തെ ഗ്രീന്‍ പാലിയേറ്റീവ് പ്രവര്‍ത്തകരും വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് അവര്‍ പറയുന്നു. കാലുകള്‍ കൊണ്ട് വിത്തു പേനയുണ്ടാക്കി പ്രളയ കാലത്ത് ഉല്ലു അരലക്ഷത്തോളം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവ് നികത്താന്‍ തുല്ല്യതാ പരീക്ഷ എഴുതാന്‍ ഒരുങ്ങുകയാണ് അവരിപ്പോള്‍.

തന്നെ പോലുള്ള ആളുകളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനായി ഒരു സ്‌കൂള്‍ തുടങ്ങണം എന്നാണ് ഉല്ലുവിന്റെ സ്വപ്നം. പുതിയ വീട് നിര്‍മ്മിച്ച് അതിന്റെ ഒരു ഭാഗം ഇതിനായി ഉപയോഗിക്കുമെന്ന് ഉല്ലു പറയുന്നു. ഉമ്മയോടും ചേച്ചിയോടും ഒപ്പം ചെറിയൊരു വീട്ടിലാണ് ഉല്ലു ഇപ്പോള്‍ താമസിക്കുന്നത്.

മുഹമ്മദ് ഫാസില്‍
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍, തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.