കോഴിക്കോട്: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരണവുമായി പി.ഡി.പി നേതാവ് അബ്ദുള്‍ നാസിര്‍ മഅ്ദനി. വിധി വേദനാജനകവും അപമാനകരവും അവിശ്വസനീയവുമാണെന്നാണ് മഅ്ദനി ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.
28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്‌നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഫോട്ടോകള്‍ തെളിവായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് കേസിലെ പ്രതികളെ വെറുതെവിട്ടത്. കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം സി.ബി.ഐക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.
രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍,ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ നേരിട്ടിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക