| Monday, 26th August 2024, 5:11 pm

കാതലിലെ ആ സീൻ മമ്മൂക്കക്ക് പകരം മറ്റൊരാൾ ചെയ്യുന്നത് സങ്കല്പിക്കാൻ പോലും പറ്റിയില്ല: ആദർശ് സുകുമാരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പോയ വര്‍ഷം നിരൂപകര്‍ ഏറ്റവുമധികം പ്രശംസിച്ച സിനിമകളിലൊന്നാണ് കാതല്‍. മമ്മൂട്ടി നായകനായ ചിത്രം നിരൂപകപ്രശംസ നേടുകയും നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ഫ്രീഡം ഫൈറ്റിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും മമ്മൂട്ടിയുടെ പ്രകടനവും ഗംഭീരമായിരുന്നു. ജ്യോതിക, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മറ്റു താരങ്ങൾ.

ഈയിടെ കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കഥയ്ക്കുള്ള അവാർഡ് സ്വന്തമാക്കിയത് കാതൽ ദി കോർ ആയിരുന്നു. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നായിരുന്നു കാതലിന്റെ കഥ ഒരുക്കിയത്.

കാതലിൽ മമ്മൂട്ടി അല്ലെങ്കിൽ ആരായിരിക്കണമെന്ന് താൻ ചിന്തിച്ച് നോക്കിയിട്ടുണ്ടെന്ന് പറയുകയാണ് ആദർശ് സുകുമാരൻ. ചിത്രത്തിൽ മാത്യു കരയുന്ന സീനിൽ മമ്മൂട്ടിക്ക് പകരം മറ്റൊരാളെ തനിക്ക് സങ്കല്പിക്കാൻ കഴിഞ്ഞില്ലെന്നും ആദർശ് പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ആദർശ്.

‘മാത്യു മമ്മൂക്ക അല്ലായിരുന്നുവെങ്കിൽ എങ്ങനെയായിരിക്കുമെന്ന് ഞാൻ ചിന്തിച്ചിരുന്നു. കാതലിൽ മാത്യു ചാച്ചന്റെ അടുത്ത് വന്ന് കരയുന്ന സീനുണ്ടല്ലോ, അത് വേറൊരു നടനാണെങ്കിൽ എങ്ങനെയായിരിക്കും റെൻഡർ ചെയ്യുകയെന്ന് ഞാൻ ചിന്തിച്ചിരുന്നു.

ആർട്ടിസ്റ്റിന്റെ മുഖമൊന്നും എനിക്ക് മനസിൽ വന്നില്ല. പക്ഷെ മമ്മൂക്കയല്ലെങ്കിൽ വേറെയാര് എന്ന് ഞാൻ ഓർത്തു നോക്കി. പക്ഷെ എനിക്ക് ഒരു ഉത്തരം കിട്ടിയില്ല. മമ്മൂക്ക എത്ര മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കോൺട്രിബ്യൂഷൻ വളരെ വലുതാണ്. പേപ്പറിൽ എഴുതി വെച്ചിരിക്കുന്നതിനേക്കാൾ ഗംഭീരമായിരുന്നു മമ്മൂക്കയുടെ പ്രകടനം.

മാത്യു എന്നല്ലായിരുന്നു ആ കഥാപാത്രത്തിന്റെ ആദ്യത്തെ പേര്. മമ്മൂക്കയെ ഒന്നും വിചാരിച്ചിട്ടേയില്ലായിരുന്നു. ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ മമ്മൂക്കയെ കിട്ടില്ല, നടക്കില്ല, എന്തിനാണ് ആവശ്യമില്ലാത്തതൊക്കെ വെറുതെ ആഗ്രഹിക്കുന്നതെന്നാണ് അന്ന് തോന്നിയത്. കൊവിഡിന് ശേഷം ചെയ്യുന്ന ചെറിയൊരു സിനിമയല്ലേ. മമ്മൂക്കയൊന്നും വരില്ല, വിട്ടേക്കാം എന്നാണ് കരുതിയത്,’ആദർശ് സുകുമാരൻ പറയുന്നു.

Content Highlight: Adarsh Sukumaran Talk About Mammooty’s performance In Kaathal The Core

We use cookies to give you the best possible experience. Learn more