അക്കാര്യമില്ലാതെ മമ്മൂക്കയുടെ അടുത്ത് കഥ പറയാന്‍ പോകരുത്: ആദര്‍ശ് സുകുമാരന്‍
Entertainment
അക്കാര്യമില്ലാതെ മമ്മൂക്കയുടെ അടുത്ത് കഥ പറയാന്‍ പോകരുത്: ആദര്‍ശ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th September 2024, 9:10 am

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് കാതല്‍ ദി കോര്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മലയാള സിനിമയില്‍ അധികം ചര്‍ച്ചചെയ്യാതിരുന്ന സ്വവര്‍ഗാനുരാഗമാണ് കാതല്‍ ചര്‍ച്ച ചെയ്യുന്നത്. കഥയില്‍ ഒരു പുതുമയോ വ്യത്യസ്തതയോ ഉണ്ടെങ്കില്‍ മമ്മൂക്കയെ വെച്ച് സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ചെന്ന് അദ്ദേഹത്തിന്റെ അടുത്ത് കഥ പറയാം എന്ന് പറയുകയാണ് ആദര്‍ശ് സുകുമാരന്‍.


മമ്മൂക്കയെ കോണ്‍ടാക്ട് ചെയ്യണമെങ്കില്‍ ആദ്യം ജോര്‍ജിനെ വിളിക്കണമെന്നും അദ്ദേഹത്തിന് ഓക്കേ ആണെങ്കില്‍ കഥ മമ്മൂട്ടിയുടെ അടുത്തെത്തും എന്ന് ആദര്‍ശ് പറയുന്നു. മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടാല്‍ അടുത്തുതന്നെ സിനിമ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് കൊടുക്കാനുള്ള ടിപ്‌സ് ഏതൊക്കെയെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആദര്‍ശ് സുകുമാരന്‍. ക്ലബ് എഫ്.എം കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘കഥയില്‍ ഫ്രഷ്‌നെസോ ആശയത്തില്‍ ഒരു യുണിക്‌നെസോ ഉണ്ടെങ്കില്‍ ധൈര്യമായി നിങ്ങള്‍ക്ക് മമ്മൂക്കയുടെ അടുത്ത് കഥ പറയാം. നല്ല വ്യത്യസ്തമായ കഥാപത്രം ആണെങ്കില്‍ മമ്മൂക്ക അതില്‍ ഓക്കേ ആകും. ഇതെല്ലാം നിങ്ങളുടെ കഥയില്‍ ഉണ്ടെങ്കില്‍ അടുത്ത സ്റ്റെപ്പായിട്ട് നിങ്ങള്‍ ജോര്‍ജ് ചേട്ടനെ വിളിക്കണം.

അദ്ദേഹം ഒരു സമയം പറയും ആ സമയത്ത് പോയി കഥ പറഞ്ഞാല്‍ നല്ലതാണെങ്കില്‍ ആ കഥ മമ്മൂക്കയുടെ അടുത്തെത്തും. മമ്മൂക്കക്ക് ഓക്കേ ആണെങ്കില്‍ പിന്നെ നമ്മുടെ പടം ഓണ്‍ ആയിരിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം കഥയില്‍ ഒരു യുണിക്‌നെസ് ഉണ്ടായിരിക്കണം എന്നതാണ്.

അതില്ലാതെ അവിടെ പോയിട്ട് കാര്യം ഇല്ല. കേള്‍ക്കുമ്പോള്‍ തന്നെ പുതിയൊരു സാധനം മമ്മൂക്കക്ക് കിട്ടണം. അദ്ദേഹം എപ്പോഴും പുതുമ ഇഷ്ടപ്പെടുന്ന, ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണല്ലോ അദ്ദേഹം വഴി മലയാള സിനിമക്ക് ഇത്രയും പുതിയ സംവിധായകരെയും എഴുത്തുകാരെയും കിട്ടുന്നത്,’ആദര്‍ശ് സുകുമാരന്‍ പറയുന്നു.

Content Highlight: Adarsh Sukumaran Give Tips To Young Film Makers Who Wish To Do Film With Mammootty