| Sunday, 26th November 2023, 8:36 am

സിനിമാ സ്വപ്നങ്ങളുമായിട്ട് പോകുന്നത് സൗത്ത് ഇന്ത്യയിലെ വലിയ വീട്ടിലേക്ക്; ഡോർ തുറക്കുന്നത് സൂര്യയാണ്: ആദർശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാതൽ ദി കോർ സിനിമയിലെ ഓമനയിലേക്ക് ജ്യോതിക എത്തിയതിനെക്കുറിച്ചും ചെന്നൈയിലേക്ക് കഥപറയാൻ പോയപ്പോഴുള്ള രസകരമായ അനുഭവവും പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് ആദർശ്. തങ്ങൾ ഒരുപാട് നടിമാരെ ഓമനയിലേക്ക് ആലോച്ചിരുന്നെന്നും എന്നാൽ ഓമനയെ അവരിലൊന്നും കാണാൻ പറ്റിയില്ലെന്നും ജ്യോതികയെ മമ്മൂട്ടിയാണ് നിർദേശിച്ചതെന്നും ആദർശ് പറഞ്ഞു.

തങ്ങളുടെ സിനിമ സ്വപ്നവുമായി ചെന്നൈയിലേക്ക് പോകുന്നത് തെന്നിന്ത്യയിലെ തന്നെ വലിയ വീട്ടിലേക്കാണെന്നും ആദർശ് പറഞ്ഞു. ജ്യോതികയെ കാണാൻ പോകുമ്പോൾ അവിടെ സൂര്യ ഉണ്ടാകുമോ എന്നാലോചിച്ചിരുന്നെന്നും എന്നാൽ വാതിൽ തുറന്നത് അദ്ദേഹമായിരുന്നെന്നും ആദർശ് കൂട്ടിച്ചേർത്തു. ജിയോ ബേബി എന്ന സംവിധായകനോടുള്ള ബഹുമാനവും അദ്ദേഹത്തിന്റെ സിനിമയോടുള്ള ഇഷ്ട്ടം കൊണ്ടാണ് കാതൽ ജ്യോതിക തെരഞ്ഞെടുത്തതെന്ന് ആദർശ് പറഞ്ഞു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ സഹാതിരക്കഥാകൃത്തായ പോൾസനുമായി പടത്തിന്റെ വിശേഷം പങ്കുവെക്കുകയായിരുന്നു ആദർശ്.

‘ഒരുപാട് നായികമാരുടെ അടുത്ത് ഞങ്ങൾ പോയതാണ്. എന്നാൽ ഓമനയെ അവതരിപ്പിക്കാനുള്ള അങ്ങനെയുള്ള ഒരു ലുക്കുമുള്ള ഒരാളെ ഞങ്ങൾക്ക് കിട്ടിയില്ല. ഞങ്ങൾ മമ്മൂക്കയുമായിട്ട് ഡിസ്കസ് ചെയ്തപ്പോൾ ഞങ്ങൾക്ക് അത് കിട്ടിയില്ല. ഞങ്ങൾ മൂന്നുപേരും കൂടി ഒരു ദിവസം ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മമ്മൂക്കയുടെ അടുത്ത് നിന്ന് ഒരു വിളി വരുന്നത്. ജ്യോതിക എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ പറഞ്ഞു എന്ന്.

ഞങ്ങൾക്ക് അത് കേട്ടപ്പോൾ തന്നെ ജ്യോതികയിൽ ഓമനയെ കാണാൻ പറ്റി. ബാക്കിയുള്ള പെർഫോമൻസ് പിന്നീടുള്ള കാര്യമാണ്. എന്നാൽ നിങ്ങൾ അടുത്ത ദിവസം തന്നെ പൊക്കോ എന്ന് പറഞ്ഞു. ഞങ്ങൾ ഇവിടുന്ന് പോകുന്നു. വളരെ രസമായിരുന്നു. ഞങ്ങൾ ഞങ്ങളുടെ സിനിമാ സ്വപ്നങ്ങളുമായിട്ട് പോകുന്നത് സൗത്ത് ഇന്ത്യയിലെ വലിയ വീട്ടിലേക്ക്! പോകുന്ന വഴിക്ക് ഡിസ്കസ് ചെയ്യും , സൂര്യ ഉണ്ടാകുമോ എന്ന്. ഏയ് സൂര്യ ഒന്നും ഉണ്ടാവുകയില്ല എന്ന് പറഞ്ഞ് നേരെ ചെന്ന് ഡോർ തുറക്കുന്നത് സൂര്യയാണ്.

കാതൽ ജ്യോതിക സെലക്ട് ചെയ്യാനുള്ള കാരണം ജിയോ ബേബിയുടെ മുന്നത്തെ സിനിമയാണ്. അവരൊക്കെ ഉൾക്കൊണ്ട് അതിന് എത്രത്തോളം റെസ്പെക്ട് ആണ് കാണുന്നത് അതിന്റെ വേവാണ് നമ്മളെയൊക്കെ അടിച്ചത്,’ ആദർശ് പറഞ്ഞു.

Content Highlight: Adarsh sharing experience the journey to jyothika in the movie

We use cookies to give you the best possible experience. Learn more