ഈ വർഷം മികച്ച പ്രതികരണം നേടിയ ചിത്രമാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി.എക്സ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ആദർശും ഷഹബാസും ചേർന്നാണ്. സിനിമയുടെ കഥയുമായുള്ള തങ്ങളുടെ ആദ്യ ചർച്ചകളെല്ലാം ഒബ്രോൺമാളിന്റെ ഫുഡ് കോർട്ടിൽ വെച്ചായിരുന്നെന്ന് ആദർശ് പറഞ്ഞു. ചിത്രം ഇപ്പോൾ കാണുന്ന രീതിയിലേക്ക് എത്തിയത് അവിടെ വെച്ചാണെന്നും ആദർശ് കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന്റെ റൈറ്റേഴ്‌സ് ക്ലബ്ബ്23 എന്ന പരിപാടിയിൽ സംസാരിക്കുകയാണ് ഷഹബാസും ആദർശും.
‘ആർ.ഡി.എക്സിന്റെ സമയത്ത് ഒബ്രോൺമാളിന്റെ ഫുഡ് കോർട്ടിലെ ഏറ്റവും അവസാനത്തെ സീറ്റിൽ ആയിരുന്നു ഞങ്ങൾ ഇരുന്നത്. അതായിരുന്നു ആർ.ഡി.എക്സിന്റെ തുടക്കം. ഇപ്പോൾ കാണുന്ന വേർഷനിലേക്ക് ഞങ്ങൾ എത്തിയത് അവിടെ നിന്നാണ്,’ ആദർശ് പറഞ്ഞു.
രാവിലെ പത്ത് മണിക്ക് മാൾ തുറക്കുമ്പോൾ അവിടെയുണ്ടാകുമെന്നും വൈകീട്ട് അഞ്ചു മണി വരെ അവിടെയായിരിക്കുമെന്നും ഷഹബാസ് ഈ സമയം കൂട്ടിച്ചേർത്തു. മാളിൽ നിന്നും തങ്ങൾ ഒന്നും വാങ്ങിയിരുന്നില്ലെന്നും അവസാനം അവിടെയുള്ള ഒരു പയ്യൻ ചായ കൊണ്ട് തന്നെന്നും ഷഹബാസ് പറഞ്ഞു.
‘മാൾ തുറക്കുമ്പോൾ 10 മണിക്ക് ഞങ്ങൾ അവിടെ പോയി ഇരിക്കും. അത് കഴിഞ്ഞ് വൈകിട്ട് 5 മണി വരെ അവിടെ ഉണ്ടാകും. അവസാനം അവിടെയുള്ള ഒരു സ്റ്റാഫ് ഞങ്ങൾക്ക് ചായ കൊണ്ടുവരാൻ തുടങ്ങി,’ ഷഹബാസ് കൂട്ടിച്ചേർത്തു.
ആ പയ്യൻ താൻ ചാനലിൽ ചെയ്യുന്ന ഷോകളൊക്കെ കണ്ടിട്ടുണ്ടെന്നും തന്റെ അടുത്ത് വന്ന് സംസാരിച്ചിരുന്നെന്നും ആദർശ് പറഞ്ഞു. അതുപോലെ തന്നോട് ഒരു പ്രത്യേക അടുപ്പം ആ പയ്യന് ഉണ്ടായിരുന്നെന്നും ആദർശ് കൂട്ടിച്ചേർത്തു.
‘ഞാൻ ഈ ചാനലിൽ ഒക്കെ ഉള്ളതുകൊണ്ട് ഇവൻ എന്റെ ഷോ ഒക്കെ കണ്ടിട്ടുണ്ട്. ഇവൻ എന്റെ അടുത്ത് വന്ന് സംസാരിക്കും ‘ചേട്ടാ അടിപൊളി ആയിരുന്നു എപ്പിസോഡ്, നല്ല രസം ഉണ്ടായിരുന്നു’ എന്നൊക്കെ പറയും. ഇവൻ എന്നോട് കുറച്ച് സോഫ്റ്റ്‌കോർണർ ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. അതുപോലെ സങ്കടം തോന്നി, കാരണം നമ്മൾ ഒന്നും മേടിക്കുന്നില്ല.
ആകെ വാങ്ങുന്നത് 70 രൂപ കൊടുത്താൽ അവക്കാഡോന്റെ ഒരു ഷേക്ക് കിട്ടും. അതാണ് ഞങ്ങൾ ആകെ വാങ്ങുക. അപ്പോൾ ഈ മച്ചാൻ കുറച്ചുകഴിയുമ്പോൾ ചായ കൊണ്ടുവന്നു. പിന്നെ അത് വടയായി. ശരിക്കും പറഞ്ഞാൽ ഒബ്രോൺ മാൾ അതൊരു ഭാഗ്യ സ്ഥലമായിരുന്നു. അതുപോലെ കാതൽ തുടങ്ങുന്നതും ഗ്രാൻഡ് സെന്റർ മാളിലാണ്,’ ആദർശ് പറഞ്ഞു.