മമ്മൂട്ടിയുടെ അടുത്ത് കാതൽ സിനിമയുടെ കഥ പറയാൻ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ആദർശും പോൾസനും. മമ്മൂട്ടിയുടെ അടുത്ത് കഥപറയാൻ പോയപ്പോൾ ചില മുൻധാരണകൾ ഉണ്ടായിരുന്നെന്ന് പോൾസൻ പറഞ്ഞു. കാരണം കഥ വായിക്കുമ്പോൾ മമ്മൂട്ടി ഫോൺ എടുക്കുകയോ മറ്റോ ചെയ്‌താൽ അത് വർക്ക് ആകില്ല എന്ന ചില ധാരണകൾ കൊണ്ടാണ് തങ്ങൾ പോയതെന്ന് പോൾസൻ പറഞ്ഞു. എന്നാൽ തങ്ങൾ കഥ പറയുമ്പോൾ മമ്മൂട്ടി ഒരുതവണ പോലും ഫോൺ എടുത്തുനോക്കിയില്ലെന്ന് ആദർശ് ഈ സമയം കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന്റെ റൈറ്റേഴ്‌സ് ക്ലബ്ബ്23 എന്ന പരിപാടിയിൽ സംസാരിക്കുകയാണ് ആദർശും പോൾസനും.
‘നമ്മൾ പല മുൻധാരണകൾ കൊണ്ടാണ് പോവുക. മമ്മൂക്ക ഈയൊരു പോയിന്റിൽ ഇങ്ങനെ വന്നാൽ ഫോൺ എടുക്കും മുഖത്ത് നോക്കിയില്ലെങ്കിൽ ഇങ്ങനെയാണ് മൈൻഡ് സെറ്റ് എന്നൊക്കെ ആളുകൾ പറഞ്ഞിരുന്നു.
ഞാൻ ലാപ്പിൽ നോക്കിയാണ് സ്ക്രിപ്റ്റ് വായിച്ചുകൊണ്ടിരുന്നത്. ഞങ്ങൾ സ്ക്രിപ്റ്റ് വായിക്കുമ്പോൾ മമ്മൂക്ക ആദ്യം ചാരിയിരിക്കുകയായിരുന്നു സെക്കൻഡ് ഹാഫ് വായിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവസാനത്തെ സീൻ ആയപ്പോഴേക്കും മമ്മൂക്ക അടുത്തേക്ക് വന്നു നോക്കിയിരിക്കുന്നു. അപ്പോൾ സെറ്റ് വർക്ക് ആയി എന്ന് മനസ്സിലായി. അത്രയും ഉൾകൊണ്ടുകൊണ്ടാണ് അദ്ദേഹം കഥ കേട്ടത്,’ പോൾസൻ പറഞ്ഞു.
തങ്ങൾ കഥ പറയുന്ന സമയത്ത് ഒരു പ്രാവശ്യം പോലും മമ്മൂട്ടി ഫോൺ നോക്കിയില്ലെന്നും ശ്രദ്ധ മുഴുവൻ തങ്ങളുടെ മുഖത്തേക്കായിരുന്നുവെന്നും ആദർശ് കൂട്ടിച്ചേർത്തു. ‘ഞങ്ങളുടെ നരേഷനിൽ ഒറ്റ പ്രാവശ്യം പോലും മമ്മൂക്ക ഫോൺ എടുത്തിട്ടില്ല. സത്യം പറഞ്ഞാൽ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. സെക്കൻഡ് ഹാഫിലെ ചില സീനുകൾ ഒക്കെ എത്തിയപ്പോഴേക്കും ഭയങ്കര എക്സ്പ്രസീവ് ആയിരുന്നു. കണ്ണ് നിറഞ്ഞ ചില മൊമെന്റ്സ് ഒക്കെ ഞങ്ങൾക്ക് കിട്ടി,’ ആദർശ് പറഞ്ഞു.
മമ്മൂട്ടി, ജ്യോതിക, സുധി കോഴിക്കോട്, ആർ.എസ് പണിക്കർ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി ജിയോ ബേബി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കാതൽ ദി കോർ. ആദര്‍ശ് സുകുമാരന്‍, പോൾസൻ സ്‌കറിയ എന്നിവര്‍ തിരക്കഥ എഴുതിയ സിനിമയില്‍ ഛായാഗ്രഹണം നിര്‍വഹിച്ചത് സാലു കെ. തോമസാണ്. ഫ്രാന്‍സിസ് ലൂയിസ് ചിത്രസംയോജനവും, മാത്യൂസ് പുളിക്കന്‍ പാശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. മമ്മുട്ടി കമ്പനിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. അനഘ മായ രവി, അലക്‌സ് അലിസ്റ്റര്‍ എന്നീ യുവ അഭിനേതാക്കളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Content Highlight: Adarsh shared the experience of going to Mammootty to narrate the story