ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി : ഷിന്‍ഡെയെ കുറ്റവിമുക്തനാക്കി
India
ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി : ഷിന്‍ഡെയെ കുറ്റവിമുക്തനാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2013, 3:30 pm

[]മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് വിവാദത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെയെ സി.ബി.ഐ കുറ്റവിമുക്തനാക്കി.

ആദര്‍ശ് ഇടപാട് സമയത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഷിന്‍ഡെ തന്റെ പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് സി.ബി.ഐ മുംബൈ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

ബിനാമി പേരില്‍ ഷിന്‍ഡേ ഫ്‌ളാറ്റ് സ്വന്തമാക്കിയിട്ടുള്ളതിനാല്‍ ഷിന്‍ഡേയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സാമൂഹിക പ്രവര്‍ത്തകന്‍ പ്രവീണ്‍ വത്തേഗോന്‍കറിന്റെ അപേക്ഷയ്ക്കു മറുപടിയാണ് സിബിഐയുടെ സത്യവാങ്മൂലം.

ദേശീയ രാഷ്ട്രീയ രംഗത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു ആദര്‍ശ് ഫഌറ്റ് അഴിമതി. കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം വരിച്ച പട്ടാളക്കാരുടെ വിധവകള്‍ക്കും കുടുംബങ്ങള്‍ക്കുമായി മഹാരാഷ്ട്രയിലെ കൊളാബയില്‍ നിര്‍മ്മിച്ച ഫഌറ്റ് സമുച്ചയത്തില്‍ ഏറെയും രാഷ്ട്രീയക്കാരും അവരുടെ ബന്ധുക്കളും സ്വന്തമാക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അശോക്ചവാനെ മാറ്റുകയും ചെയ്തിരുന്നു. അശോക് ചവാന്റെ വേണ്ടപ്പെട്ടവരെല്ലാം ഫഌറ്റ് കൈക്കലാക്കി എന്നും  ഇന്ത്യന്‍ സൈന്യത്തിലെ മുതിര്‍ന്ന മൂന്നു മേധാവികള്‍ക്ക് വിവാദത്തില്‍ പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.

ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയിലുള്ള 103 ഫഌറ്റുകളില്‍ ഏകദേശം 30 എണ്ണത്തോളം ബിനാമി പേരുകളിലാണ് ചിലര്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് സി.ബി.ഐ പ്രാഥമിക അന്വേഷണത്തില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ചതിനാല്‍ സമുച്ചയം പൊളിച്ചു നീക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.