‘പണി’ എന്ന സിനിമയെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ആദര്‍ശ് എച്ച്.എസിനെ നടനും സംവിധായകനുമായ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീഷണികള്‍ക്ക് തന്നെ തടയാനാകില്ലെന്നാണ് ആദര്‍ശ് പറയുന്നത്.
ഭരണഘടന ഉറപ്പുനല്‍കുന്ന തന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടെങ്കില്‍ ജോജുവിന്റെ അവകാശങ്ങളും നിഷേധിക്കപ്പെടുകയാണെന്ന് ആദര്‍ശ് ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.
രാഗേന്ദു. പി.ആര്‍: ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താനുള്ള കാരണം എന്താണ്?
ആദര്‍ശ് എച്ച്.എസ്: പണി എന്ന സിനിമയെ കുറിച്ച് എന്റെ അഭിപ്രായം പങ്കുവെക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. സിനിമയില്‍ കാണിക്കുന്ന ബലാത്സംഗ സീനുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന രീതി ശരിയല്ലെന്നാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
എന്നാല്‍ അദ്ദേഹം എന്റെ അഭിപ്രായത്തില്‍ പ്രകോപിതനാകുകയും ഇന്നലെ വൈകുന്നേരത്തോടെ അസഹിഷ്ണതയോടെ ഫോണില്‍ വിളിച്ച് സംസാരിക്കുകയുമാണ് ഉണ്ടായത്. ‘നീ എവിടെയാടാ, എന്നെ വന്ന് കാണാന്‍ ധൈര്യമുണ്ടോ’ എന്നൊക്കെയാണ് ജോജു ജോര്‍ജ് സംസാരിച്ചത്. ഇതേ രീതിയില്‍ തന്നെ തുടരെ തുടരെ അദ്ദേഹം സംസാരിക്കുകയും ചെയ്തു. വാട്ട്‌സ്ആപ്പ് കോള്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം എന്നോട് സംസാരിച്ചത്.
രാഗേന്ദു. പി.ആര്‍: ബലാത്സംഗം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സിനിമ പുലര്‍ത്തേണ്ട കടമ എന്തൊക്കെയാണെന്നാണ് താങ്കള്‍ വിലയിരുത്തുന്നത്?
ആദര്‍ശ് എച്ച്.എസ്: സിനിമ പല മനുഷ്യരെയും പല രീതിയിലായിരിക്കും ബാധിക്കുക. ചിലര്‍ക്ക് സിനിമ ആശയപരമായി ഒരു പാത വെട്ടിത്തെളിക്കലാകാം, ചിലര്‍ക്ക് സിനിമ നല്‍കുന്നത് വിവിധ തലത്തിലുള്ള മനോഹാരിതകളാകാം. അല്ലെങ്കില്‍ മറ്റു രീതികളിലും മനുഷ്യരെ സിനിമ സ്വാധീനിച്ചേക്കാം. ഇക്കാര്യം മനസിലാക്കിക്കൊണ്ടാണ് ഗീബല്‍സിനെ പോലെയുള്ളവര്‍ നാസി തലവനായ അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് വേണ്ടി സിനിമകള്‍ നിര്‍മിച്ചുകൊണ്ടിരുന്നത്. അതൊരു അജണ്ടയുടെ ഭാഗം കൂടിയായിരുന്നു.
അത്തരത്തില്‍ ഒരു പൊളിറ്റിക്കല്‍ അജണ്ട രൂപപ്പെടും എന്നുള്ളതുകൊണ്ട് തന്നെ സിനിമ പുറപ്പെടുവിക്കുന്ന സന്ദേശങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. എന്നാല്‍ ജോജു ജോര്‍ജിന്റെ പണി എന്ന സിനിമയില്‍ ബലാത്സംഗം, സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എല്ലാം വളരെ അപക്വമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഈ സിനിമ പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ വലുതാണ്. കുട്ടികള്‍ ഉള്‍പ്പെടെ കാണുന്ന സിനിമയാണ്. സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് യു/എ സര്‍ട്ടിഫിക്കറ്റ് ആണ്. അക്കാര്യത്തിലും പ്രശ്‌നമുണ്ട്. ഇതുള്‍പ്പെടെ ചര്‍ച്ച ചെയ്യപ്പെടണമെന്നാണ് എന്റെ ഭാഗം.
രാഗേന്ദു. പി.ആര്‍: കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മനഃപൂര്‍വം റിവ്യൂ എഴുതിയതാണ് എന്ന പ്രതികരണങ്ങളോട് എന്താണ് പറയാനുള്ളത്?
ആദര്‍ശ് എച്ച്.എസ്: എല്ലാവര്‍ക്കും അവരുടേതായ താത്പര്യങ്ങളും അഭിപ്രായങ്ങളും ഉണ്ടാകും. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ പ്രതികരിക്കുന്നവര്‍ ജോജു ജോര്‍ജ് എന്ന നടനെ ഇഷ്ടപ്പെടുന്നവരോ അദ്ദേഹത്തിനോട് താത്പര്യമുള്ളവരോ ആകാം.
എന്നാല്‍ കേരളത്തിലെ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നവരും അറിയപ്പെടുന്നവരുമായ ആളുകള്‍ ആരും തന്നെ ജോജുവിന്റെ നീക്കത്തെ പിന്തുണക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. അത്തരം ആളുകളുടെ ഭാഗത്ത് നിന്ന് ജോജുവിന് അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടായതായി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.
നിലവില്‍ ജോജു ജോര്‍ജിന് കുറെ സൈബര്‍ അക്രമികളെ മാത്രമേ വിലക്കെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അവര്‍ക്ക് അത്തരത്തില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കാം, അത് അവരുടെ ഭാഗം. പ്രതികരിക്കുന്നവരില്‍ ജോജുവിന്റെ പക്ഷമാണ് ശരിയെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടാകും.
അത് എന്തൊക്കെ ആണെങ്കിലും ഞാന്‍ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് ഞാന്‍ പല വിഷയങ്ങളിലും പ്രതികരിക്കുന്നതും. സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്ക് എന്നെ തടയാനാകില്ല.
രാഗേന്ദു. പി.ആര്‍: ജോജു ജോര്‍ജിന്റെ നീക്കം അഭിപ്രായ സ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റമായി തോന്നുന്നുണ്ടോ?
ആദര്‍ശ് എച്ച്.എസ്: യാഥാര്‍ത്ഥ്യത്തില്‍ ജോജു മനസിലാക്കേണ്ടത്, എന്റെ അഭിപ്രായ-ആവിഷ്‌ക്കാര സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ ഔദാര്യമല്ല എന്നതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ആണ് എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്നത്. അദ്ദേഹത്തിനും അതേ ഭരണഘടനയാണ് അഭിപ്രായ-ആവിഷ്‌ക്കാര സ്വാതന്ത്ര്യങ്ങള്‍ ഉറപ്പ് നല്‍കുന്നത്. അതിന്റെ കടക്കല്‍ കത്തി വെക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.
അത് സ്വന്തം കഴുത്തില്‍ കത്തി വെക്കുന്നതിന് തുല്യമാണ്. ശരിക്കും അദ്ദേഹത്തിനാല്‍ എന്റെ സ്വാതന്ത്ര്യം നിഷേധിക്കുമ്പോള്‍ ഇല്ലാതാകുന്നത് ജോജുവിന്റെ കൂടെ അവകാശങ്ങളാണ്. അവസാനം വിരല്‍ ചൂണ്ടപ്പെടുന്നത് തനിക്ക് നേരെ തന്നെയാകും എന്ന വസ്തുത മറക്കരുത്. ഈ ബോധ്യത്തില്‍ നിന്നുകൊണ്ടാകണം ജോജു പ്രവര്‍ത്തിക്കേണ്ടത്.
രാഗേന്ദു. പി.ആര്‍: ‘പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണോ സിനിമകളെ നിരീക്ഷിക്കാറുള്ളത്?
ആദര്‍ശ് എച്ച്.എസ്: തീര്‍ച്ചയായും. സിനിമ എന്നത് ഒരു സോഷ്യല്‍ മെസേജാണ്. സിനിമയിലെ സന്ദേശങ്ങള്‍ സമൂഹത്തില്‍ എങ്ങനെയാണ് ഇടപെടുന്നത് എന്നത് വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ട വിഷയമാണ്. സിനിമയുടെ രാഷ്ട്രീയപരമായ വശങ്ങള്‍ മനസിലാക്കുക തന്നെയാണ് വേണ്ടത്.
പക്ഷെ ചില സമയങ്ങളില്‍, ചില സിനിമകളില്‍ വരുന്ന കഥാപാത്രങ്ങള്‍ സമൂഹത്തിന്റെ പ്രതിഫലനമാണ്. എല്ലാരും ശരിയാണെന്ന് പറയുന്നതാകരുത് സിനിമയിലെ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്. പൊളിറ്റിക്കലി ഇന്‍കറക്ട് ആയ ഒരു കാര്യത്തെ ഗ്ലോറിഫൈ ചെയ്ത് മറ്റൊരാളെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്.
പണി എന്ന സിനിമയില്‍ ഇത്തരത്തില്‍ ഗ്ലോറിഫിക്കേഷന്‍ നടക്കുന്നു എന്നതാണ് വസ്തുത. അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. നല്ല മൂല്യങ്ങളും മോശം മൂല്യങ്ങളും എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പണി. എന്നാല്‍ സ്ഥാപിച്ചെടുക്കുന്നതില്‍ ചിത്രം പരാജയപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സിനിമ മുന്നോട്ടുപോകുന്നത് സമൂഹത്തിന് ഹാനികരമാണ്.
ഒരു ഉദാഹരണം പറയുകയാണെങ്കില്‍ മുകുന്ദനുണ്ണി എന്ന സിനിമയുണ്ട്. അതിലെ പ്രധാന കഥാപത്രം ഒരു നെഗറ്റീവ് സ്വഭാവമുള്ള വ്യക്തിയാണ്. പക്ഷെ അത് സമൂഹത്താല്‍ അംഗീകരിക്കപ്പെടുന്നതാണ്. കാരണം, ആ കഥാപാത്രത്തെ സംവിധായകന്‍ ഗ്ലോറിഫൈ ചെയ്യുകയല്ല മുകുന്ദനുണ്ണിയില്‍ ഉണ്ടായിരിക്കുന്നത്. ആ കഥാപാത്രത്തെ നെഗറ്റീവ് സ്വഭാവത്തോട് കൂടി തന്നെയാണ് സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത്.
ഭ്രമയുഗം എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിനും നെഗറ്റീവ് സ്വഭാവമാണുള്ളത്. അത് അംഗീകരിച്ചുകൊണ്ട് തന്നെയാണ് പ്രേക്ഷകര്‍ സിനിമ കാണുന്നത്. സിനിമയിലെ മുഴുവന്‍ കഥാപാത്രങ്ങളെയും പോസിറ്റിവ് ആയി ചിത്രീകരിക്കണമെന്നില്ല. എന്നാല്‍ ഗ്ലോറിഫിക്കേഷന്‍ നടക്കരുതെന്ന് മാത്രമാണ് പറയാനുള്ളത്.
രാഗേന്ദു. പി.ആര്‍: ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായിട്ടുണ്ടോ?
ആദര്‍ശ് എച്ച്.എസ്: എന്നെ വിളിച്ച് സംസാരിച്ചതിന്റെ ഓഡിയോ പുറത്തുവിട്ടതില്‍ കേസ് കൊടുക്കും എന്ന രീതിയില്ലെല്ലാം ജോജു ജോര്‍ജ് സംസാരിച്ചിരുന്നു. അത് എന്തുമായിക്കോട്ടെ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. പിന്നീട് അദ്ദേഹം എന്നെ വിളിച്ച് സംസാരിച്ചിട്ടില്ല, അതിന്മേല്‍ കൂടുതല്‍ സംസാരങ്ങളും ഉണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായ ചില ആളുകള്‍ വന്ന് കമന്റിട്ട് ശല്യപ്പെടുത്തുന്നു എന്നതല്ലാതെ മറ്റൊരു പ്രശ്‌നവും നിലവില്‍ ഇല്ല. എനിക്ക് പറയാനുള്ളത് ആ ഫോണ്‍ കോളിലൂടെ തന്നെ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.
രാഗേന്ദു. പി.ആര്‍: വിമര്‍ശിക്കാനും വിമര്‍ശിക്കപ്പെടാനുമുള്ള ഒരിടം സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ടോ?
ആദര്‍ശ് എച്ച്.എസ്: നമ്മള്‍ മനസിലാക്കേണ്ടത് ഇന്ത്യന്‍ ഭരണഘടന ഒരു വിശുദ്ധ ഗ്രന്ഥമല്ല എന്നുള്ളതാണ്. ഭരണഘടനയെ പോലും വിമര്‍ശിക്കാനുള്ള അവകാശം ഭരണഘടന തന്നെ നല്‍കുന്നുണ്ട്. അതിന് വേണ്ടിയാണ് ഭേദഗതി എന്ന നടപടി പോലും നടക്കുന്നത്. വിമര്‍ശിക്കുന്നതില്‍ ഒരു തെറ്റുമില്ല, അത് ഏത് കലാരൂപമായാലും. ഭരണഘടനയേക്കാള്‍ മുകളിലല്ല ഒരു കലാരൂപവും.
വിമര്‍ശന സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ആത്യന്തികമായി സിനിമയെ തന്നെയാണ് ബാധിക്കുന്നത്. മറ്റു ഇന്‍ഡസ്ട്രികളോട് താരതമ്യം ചെയ്യുമ്പോള്‍ മലയാളത്തില്‍ നിന്ന് നല്ല സിനിമകളുണ്ടാകുന്നത് ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് മെച്ചപ്പെട്ട കണ്ടെന്റുകള്‍ ഉണ്ടാകുന്നത്.
മറ്റുള്ളയിടങ്ങളില്‍ നായകന്‍ എന്ത് പറഞ്ഞാലും അതിനനുസരിച്ച് നീങ്ങുന്ന പ്രേക്ഷകര്‍ ഉണ്ടാകുന്നത് വിമര്‍ശിക്കാന്‍ ഒരിടം ഇല്ലാത്തതുകൊണ്ടാണ്. ഇത്തരത്തിലുള്ള വ്യക്തിപരമായ താത്പര്യങ്ങള്‍ പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
Content Highlight: Adarsh HS speaks about pani movie