[]മുംബൈ: വിവാദമായ ആദര്‍ശ് കെട്ടിടത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അനാവശ്യ ധൃതി കാട്ടിയതായി ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.
ഷിന്‍ഡെ 2004ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെയാണ് ആദര്‍ശ് ഹൗസിങ് സൊസൈററിക്ക് ഭൂമി അനുവദിച്ചതും നിര്‍മ്മാണാനുമതി നല്‍കുന്നതും.
ധനവകുപ്പിന്റെ നിര്‍ദ്ദേശം പരിഗണിക്കാതെയും ചട്ടങ്ങള്‍ ലംഘിച്ചും ഷിന്‍ഡെ റവന്യുവകുപ്പിന്റെ തീരുമാനങ്ങളെ അംഗീകരിക്കുകയായിരുന്നു എന്നാണ് കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഷിന്‍ഡെയുടെയും അന്നത്തെ റവന്യു മന്ത്രി ശിവാജി റാവു പാട്ടീല്‍ നീലങ്കേക്കറുടെയും തിടുക്കപ്പെട്ടുള്ള നടപടികള്‍ ഹൗസിംഗ് സൊസൈററിക്ക് ഗുണകരമായതായും റിപ്പോര്‍ട്ട് കുററപ്പെടുത്തുന്നു.
വിലാസ് റാവു ദേശ്മുഖ് മുഖ്യമന്ത്രിയായിരിക്കെ ആദര്‍ശ് ഹൗസിങ് സൊസൈററിക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാറില്‍ നീക്കം തുടങ്ങിയിരുന്നെങ്കിലും ഷിന്‍ഡെ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഭൂമി അനുവദിച്ചത്.
മുന്‍ മുഖ്യമന്ത്രിമാരായ ഷിന്‍ഡെ, ദേശ്മുഖ്, അശോക് ചവാന്‍ എന്നിവരുള്‍പ്പടെ രണ്ട് മന്ത്രിമാരെയും 12 ഐ.എ.എസുകാരെയും മൂന്ന് ഉന്നത സൈനികരെയും പ്രതിക്കൂട്ടിലാക്കിയ ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിയത് കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് സൂചന.
കമീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് ഷിന്‍ഡെ രാജിവെക്കേണ്ടി വരും. ആദര്‍ശ് വിവാദമായതോടെ 2010ല്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് അശോക് ചവാന്‍ രാജിവെക്കുകയായിരുന്നു.