മുംബൈ: നിയമങ്ങളെ തെല്ലും വകവെയ്ക്കാതെ കെട്ടിപ്പൊക്കിയ മുബൈയിലെ ആദര്‍ശ് ഹൗസിങ്ങ് സൊസൈറ്റി കെട്ടിടം പൊളിച്ച് നീക്കാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. കെട്ടിടങ്ങള്‍ പൊളിക്കണമെന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവും കോടതി ശരിവെച്ചു. കെട്ടിടം അഴിമതിയുടെ പ്രതീകമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയായ ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തില്‍ പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനും കോടതി ഉത്തരവിട്ടു.
ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ 12 ആഴ്ചത്തെ സമയം മഹാരാഷ്ട്ര സര്‍ക്കാരിന് അനുവദിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ജവാന്മാരുടെ ആശ്രിതര്‍ക്ക് എന്ന വ്യാജേനയാണ് സേനയുടെ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ മറികടന്നുകൊണ്ട് 31 നില ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിച്ചത്. എന്നാല്‍ രാഷ്ട്രീയക്കാരും കരസേനാനാവികസേനാ ഉദ്യോഗസ്ഥരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഫ്‌ളാറ്റ് തട്ടിയെടുത്തു എന്നതാണു ആരോപണം. നേരത്തേ ആരോപണം ഉന്നയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാതിരുന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു.
അശോക് ചവാന്‍ റവന്യൂ മന്ത്രിയായിരുന്നപ്പോഴാണു കെട്ടിട നിര്‍മ്മാണത്തിനു വേണ്ട പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കള്‍ക്കു ആദര്‍ശ് സൊസൈറ്റി ഫ്‌ളാറ്റുകള്‍ ലഭിച്ചിരുന്നുവെന്നും സി.ബി.ഐ പ്രത്യേക കോടതിയില്‍ കൊടുത്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊളാബയിലെ നാവിക കേന്ദ്രത്തിന്റെ 200 മീറ്റര്‍ ദൂരപരിധിയിലാണു വിവാദമായ ആദര്‍ശ് ഹൗസിങ് സൊസൈറ്റി കെട്ടിടം. നവംബര്‍ 26 ആക്രമണത്തിന് തീവ്രവാദികള്‍ വന്നിറിങ്ങിയ കഫ് പരേഡ് മേഖലയിലാണു കെട്ടിട സമുച്ചയം. കെട്ടിടത്തിന്റെ പാര്‍ക്കിങ് മേഖലയില്‍ നിന്നാല്‍ കൊളാബ നാവികകേന്ദ്രം വ്യക്തമായി കാണാം. തീവ്രവാദി ആക്രമണ സാധ്യതയുളള മേഖലയില്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ പല തവണ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയെങ്കിലും സമുച്ചയം നിര്‍മാണത്തിനെതിരെ നടപടിയൊന്നുമുണ്ടായില്ല. ആറുനില പണിയാന്‍ അനുമതിയുള്ള മേഖലയില്‍ ഉയരപരിധി ചട്ടങ്ങള്‍ ലംഘിച്ച് 31 നിലയാണു പണിതിരിക്കുന്നത്. 30 മീറ്റര്‍ ഉയരത്തില്‍ മാത്രം കെട്ടിട നിര്‍മാണത്തിന് അനുമതിയുളളിടത്ത് 100 മീറ്റര്‍ ഉയരത്തിലാണ് ആദര്‍ശ് സമുച്ചയം. 600 മുതല്‍ 1000 ചതുരശ്ര അടിവരെയുള്ള 104 ഫ്‌ളാറ്റുകളാണു കെട്ടിടത്തിലുള്ളത്.