| Wednesday, 6th December 2023, 7:44 pm

ഞാനും പോൾസനും തമ്മിൽ അറിഞ്ഞോ അറിയാതെയോ ഒരു മത്സരം നടന്നിരുന്നു: ആദർശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായ ചിത്രമാണ് കാതൽ ദി കോർ . ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മമ്മൂട്ടിയും ജ്യോതികയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തെ ഇത്രയേറെ മനോഹരമാക്കിയത് കാതലിന്റെ കോറായ തിരക്കഥയാണ്.

ആദർശും പോൾസനുമാണ് തിരക്കഥ എഴുതിയിട്ടുള്ളത്. ഇവരുടെ കൂട്ടുകെട്ടിൽ എത്തിയ രണ്ടാമത്തെ ചിത്രമാണ് കാതൽ. ക്ലബ്ബ് എഫ്.എമ്മിന്റെ റൈറ്റേഴ്‌സ് ക്ലബ്ബ്23 എന്ന പരിപാടിയിൽ സംസാരിക്കുകയാണ് ആദർശും പോൾസനും.

കൃത്യമായ സമയം വെച്ച് തിരക്കഥ എഴുതുന്ന ആളാണോ പോൾസൻ എന്ന അവതാരകന്റെ ചോദ്യത്തിന് കാതൽ കൃത്യമായാണ് എഴുതിപ്പോയതെന്ന് പോൾസൻ മറുപടി പറഞ്ഞു .

‘അങ്ങനെയൊന്നുമില്ല, വളരെ അച്ചടക്കത്തോടെയാണ് കാതൽ എഴുതി പോയത്. ഒരു ദിവസം ഞാനൊരു സീനും ഇവനൊരു സീനും എഴുതും. അങ്ങനെ 15 ദിവസം കൊണ്ട് നമ്മൾ എഴുതിയ ചിത്രമാണത്. പിന്നീട് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടായിരുന്നു,’ പോൾസൻ പറഞ്ഞു.

പോൾസൻ കൃത്യമായി പഠിക്കുന്ന ഒരാളാണെന്ന് ആദർശ് ഈ സമയം കൂട്ടിച്ചേർത്തു. അച്ചടക്കത്തോടെ പഠിക്കുന്ന ഒരാളാണ് പോൾസനെന്നും എന്നാൽ താൻ തോന്നിയപോലെ ചെയ്യുന്ന ഒരാളാണെന്നും ആദർശ് പറഞ്ഞു. എന്നാൽ കാതൽ തങ്ങൾ കൃത്യമായി ടൈം ടേബിൾ വെച്ച് എഴുതി പോയതാണെന്നും ആദർശ് പറഞ്ഞു.

‘പോൾസന്റെ രീതി അങ്ങനെയാണ്. പഠിക്കുന്ന കാലം മുതൽ നല്ല വിദ്യാർത്ഥി ആയതുകൊണ്ടുള്ള കാര്യമാണ്. നമ്മൾ ഇത് തോന്നിയ പോലെയുള്ള പരിപാടി ആയതുകൊണ്ടാണ്. പോൾസൻ നന്നായിട്ട് പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയാണ്.

കാതൽ ഇവൻ പറഞ്ഞപോലെ ചിട്ട ആയിട്ടാണ് എഴുതി പോയത്. അത് എന്നെയും ഇൻഫ്ലുവെൻസ് ചെയ്തിട്ടുണ്ട്. നമ്മൾ രണ്ടുപേരും ഒരുമിച്ച് എടുത്ത ഡിസിഷൻ ആണ്, കൃത്യമായിട്ട് ഇത്ര സീനുകൾ കവർ ചെയ്യണം എന്നത്. രണ്ടുപേരും തമ്മിൽ അറിഞ്ഞോ അറിയാതെയോ ഒരു മത്സരം നടന്നിരുന്നു. ഒരു ടീച്ചറുടെ അടുത്ത് ഹോംവർക്ക് സബ്മിറ്റ് ചെയ്യുന്ന പോലെ അവസാന ദിവസം രണ്ടുപേരും ചെയ്തിട്ടില്ലെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും ബുദ്ധിമുട്ടാകുന്ന സാഹചര്യമുണ്ടാവരുതെന്ന് കരുതി നല്ല രീതിയിൽ പോയ ഒരു പ്രോസസ് ആണത്. അത് നല്ല രസമായിരുന്നു,’ ആദർശ് പറഞ്ഞു.

Content Highlight: Adarsh ​​and Paulson share script writing experience for Kathal movie

We use cookies to give you the best possible experience. Learn more