national news
പൂനാവാലയാണ് ഞങ്ങളുടെ വക്താവ്; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടറെ തള്ളി കമ്പനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 23, 11:40 am
Sunday, 23rd May 2021, 5:10 pm

ന്യൂദല്‍ഹി: വാക്‌സിനേഷനില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സുരേഷ് ജാദവിനെ തള്ളി കമ്പനി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരേയൊരു വക്താവ് മാത്രമാണുള്ളതെന്നും അത് സി.ഇ.ഒ അദാര്‍ പൂനാവാലയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അദാര്‍ പൂനാവാലയ്ക്കായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിംഗാണ് ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചത്. സുരേഷ് ജാദവിന്റെ പരാമര്‍ശത്തില്‍ കമ്പനിയ്ക്ക് പങ്കില്ലെന്നും കത്തില്‍ പറയുന്നു.

കൊവിഷീല്‍ഡ് ഉത്പാദനത്തിന്റെ വേഗത കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കൊവിഡ് 19 നെതിരായി സര്‍ക്കാര്‍ നടത്തുന്ന പോരാട്ടത്തില്‍ സെറം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കത്തില്‍ പറഞ്ഞു.

നേരത്തെ രാജ്യത്തെ വാക്‌സിനുകളുടെ ലഭ്യത മനസിലാക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പ്രായക്കാര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതെന്ന് സുരേഷ് ജാദവ് പറഞ്ഞിരുന്നു. ഒരു ഓണ്‍ലൈന്‍ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.