| Tuesday, 28th March 2023, 5:33 pm

ലോൺ തിരിച്ചടച്ചു എന്ന് പറഞ്ഞത് കളവെന്നു റിപ്പോർട്ട്; അദാനിയുടെ ഓഹരികളിൽ വീണ്ടും തകർച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അദാനിയുടെ ഓഹരികളിൽ വീണ്ടും തകർച്ച. അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ​ഗ്രീൻ എനർജി, അദാനി ടോട്ടൽ ​ഗ്യാസ് എന്നിവക്ക് അഞ്ച് ശതമാനത്തിന്റെ ഇടിവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

അദാനിയുടെ മുൻനിര സ്ഥാപനമായ അദാനി എന്റർപ്രൈസസിന്റെ ഓഹരികളിൽ 7.53 ശതമാനത്തിന്റെ ഇടിവാണ് റിപ്പോർട്ട് ചെയ്തത്. അദാനി പോർട്സിന് 8.89 ശതമാനം തകർച്ചയുണ്ടായി.

അതേസമയം അദാനി വിൽമറിന്റെ ഒഹരി 4.99 ശതമാനത്തിലേക്ക് കൂപ്പുകുത്തി. എൻ.ഡി.ടി.വിയുടെ ഓഹരി 4.73 ശതമാനവും, അംബുജ സിമന്റ്സ് ഓഹരി 3.43 ശതമാനവും കുറവുണ്ടായി.

ദി കെൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദാനി ഓഹരികളുടെ വിൽപന വീണ്ടും പുനരാരംഭിച്ചത്. അദാനിയുടെ നേതൃത്വത്തിലുള്ള പോർട്സ് ടു പവർ കമ്പനി 2.15 ബില്യൺ ഡോളറിന്റെ കടം തിരിച്ചടച്ചിട്ടുണ്ടോ എന്ന ചോദ്യവും റിപ്പോർട്ട് മുന്നോട്ടുവെച്ചിരുന്നു. നടപടികളിൽ നിന്ന് ഒഴിവാകാൻ ഭാ​ഗികമായി മാത്രമാണ് കടം അദാനി ​ഗ്രൂപ്പ് തിരിച്ചടച്ചതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

വായ്പ തിരിച്ചടവ് കഴിഞ്ഞ് ഒരു മാസമായിട്ടും അദാനി ഗ്രീനിന്റെയും അദാനി ട്രാൻസ്മിഷന്റെയും പണയം വെച്ച ഓഹരികൾ സംബന്ധിച്ച വിവരങ്ങൾ ബാങ്കുകൾ പുറത്തിറക്കിയിട്ടില്ല.​ കടം വാങ്ങിയയാൾ അവരുടെ കടങ്ങൾ തീർത്തുകഴിഞ്ഞാൽ പണയം വെച്ച ഓഹരികൾ റിലീസ് ചെയ്യുകയാണ് സാധാരണ രീതിയെന്നും ദി കെൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

Content Highlight: Adani stocks lose up to 8%; all 10 counters in red

We use cookies to give you the best possible experience. Learn more