അദാനിക്ക് 'ഹിന്‍ഡന്‍ ബര്‍ഗ്' ആഘാതം; കൂപ്പുകുത്തി ഓഹരികള്‍, ശതകോടികളുടെ നഷ്ടം
national news
അദാനിക്ക് 'ഹിന്‍ഡന്‍ ബര്‍ഗ്' ആഘാതം; കൂപ്പുകുത്തി ഓഹരികള്‍, ശതകോടികളുടെ നഷ്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th January 2023, 10:15 am

ന്യൂദല്‍ഹി: ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും വന്‍ നഷ്ടത്തില്‍. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ 20 ശതമാനമാണ് ഇടിഞ്ഞത്. ശതകോടികളുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

ഓഹരികള്‍ നഷ്ടത്തിലായതോടെ അദാനി ഗ്രൂപ്പിന്റെ തുടര്‍ ഓഹരി സമാഹരണം വെള്ളിയാഴ്ച മുതല്‍ തുടങ്ങും. രാജ്യത്തെ ഏറ്റവും വലിയ തുടര്‍ ഓഹരി സമാഹരണമാണ് ചൊവ്വാഴ്ച്ച വരെ നടക്കുന്നത്.

കടം തിരിച്ചടവിനും മറ്റു ചിലവുകള്‍ക്കുമായുള്ള തുക നേടുക എന്നതാണ് ഈ തുടര്‍ ഓഹരി സമാഹരണം കൊണ്ട് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

അദാനി ഗ്രൂപ്പിന്റെ കടസ്ഥിതിയും ഭരണ പ്രശ്‌നങ്ങളും വിളിച്ചറിയിക്കുന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

ഇതിന് പിന്നാലെ അദാനി ഗ്രൂപ്പിലെ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരിവില കൂപ്പുകുത്തുകയായിരുന്നു.

ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരായി പുറത്ത് വിട്ടത്.

റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ്.

അദാനി എന്റര്‍പ്രസസിന്റെ എഫ്.പി.ഒ അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ ബര്‍ഗിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് കമ്പനി ആരോപിക്കുന്നത്.

ഒറ്റ ദിവസം ഏതാണ്ട് 90.000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു.

Content Highlight: Adani stocks extend losses on day 2 after hindenburg research report