| Thursday, 2nd February 2023, 12:04 pm

അദാനിയുടെ 'ധാർമിക മൂല്യം' 'പ്രധാന ഉപദേഷ്ടാവ്' വിനയവും ശാന്തതയും പ്രസം​ഗിക്കുന്നത് പോലെ: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 20,000 കോടി രൂപയുടെ ഓഹരി വിൽപ്പന പിൻവലിക്കാനുള്ള അദാനി എന്റർപ്രൈസസിന്റെ തീരുമാനത്തെ പരിഹസിച്ച് കോൺ​ഗ്രസ്. ​ഗൗതം അദാനിയുടെ ധാർമികമായ ശരികൾ ‘പ്രധാന ഉപദേഷ്ടാവ്’ വിനയവും ശാന്തതയും എന്ന് പ്രസം​ഗിക്കുന്നതുപോലെയാണെന്നായിരുന്നു കോൺ​ഗ്രസിന്റെ പ്രതികരണം.

ബുധനാഴ്ച രാത്രി 20,000 കോടി രൂപ സമാഹരിക്കാൻ നടത്തിയ ഓഹരി വിൽപന(തുടർ ഓഹരി സമാഹരണം -FPO) റദ്ദാക്കിയെന്ന് അദാനി എന്റർപ്രൈസ് അറിയിച്ചിരുന്നു.

അദാനി എന്റർപ്രൈസസിന്റെ ഓഹരിമൂല്യം 28 ശതമാനമാണ് ബുധനാഴ്ച ഇടിഞ്ഞത്. വെറും അഞ്ച് വിപണ സെഷൻസുകൊണ്ട് അദാനി ഗ്രൂപ്പിന്റെ ഷെയറുകളുടെ കമ്പോളമൂല്യം 35 ശതമാനമാണ് ഇതുവരെ ഇടിഞ്ഞത്. ഇതിനിടയിൽ വിദേശത്തുള്ള പല ബാങ്കുകളും ഗ്രൂപ്പിന്റെ ബോണ്ട് വാങ്ങില്ലെന്ന് അറിയിച്ചിട്ടുണ്ട്.

യു.എസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾക്ക് 90 ബില്യൺ ഡോളറിന്റെ മൂല്യം നഷ്ടപ്പെട്ടിരുന്നു.

അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുന്നോട്ട് പോകുന്നത് ധാർമ്മികമായി ശരിയല്ല എന്നായിരുന്നു കമ്പനിയുടെ നിലപാട്. ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് തങ്ങളുടെ 20,000 കോടി രൂപയുടെ ഓഹരി വിൽപ്പന നിർത്തിവെച്ചതായി അറിയിച്ചത്.

“നിക്ഷേപകരുടെ താൽപ്പര്യം പ്രധാനമാണ്, അതിനാൽ കഴിയാവുന്നവിധം സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ, എഫ്‌.പി‌.ഒയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചു,” അദാനി പറഞ്ഞു.

ധാർമ്മികമായി ശരിയാണെന്ന് സംസാരിക്കുന്ന അദാനി തന്റെ പ്രധാന ഉപദേഷ്ടാവായ പ്രധാനമന്ത്രി വിനയം, ശാന്തത, വിശാലഹൃദയം എന്നിവയെകുറിച്ച് പ്രസംഗിക്കുന്നത് പോലെയാണെന്നായിരുന്നു കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ട്വിറ്ററിൽ കുറിച്ചത്.

ഇത് കൃത്യമായ രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടി പരിഹസിച്ചായിരുന്നു ജയറാം രമേശിന്റെ കുറിപ്പ്. പ്രധാനമന്ത്രി ഉൾപ്പെടെ കേന്ദ്ര സർക്കാർ അദാനിക്ക് അനുകൂലമായ രീതിയാണ് പ്രവർത്തിക്കുന്നത് എന്നും കോൺ​ഗ്രസ് പറയുന്നു.

Content Highlight: Adani speaking of being ‘morally correct’ like his ‘Prime Mentor’ preaching humility: Congress

We use cookies to give you the best possible experience. Learn more