ചൈനയുടെ ആധിപത്യത്തിൽ ആശങ്ക; കൊളംബോ തുറമുഖത്തിലെ അദാനി ഗ്രൂപ്പ് ടെർമിനലിൽ അമേരിക്കൻ നിക്ഷേപം
കൊളംബോ: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിൽ അദാനി ഗ്രൂപ്പിന്റെ ഷിപ്പിങ് കണ്ടെയ്നർ ടെർമിനൽ നിർമാണത്തിന് 553 മില്യൺ യു.എസ് ഡോളർ (4,600 കോടി രൂപ) നിക്ഷേപിച്ച് യു.എസ് ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (ഡി.എഫ്.സി).
കൊളംബോ തുറമുഖത്തിലെ പടിഞ്ഞാറൻ കണ്ടെയ്നർ ടെർമിനൽ നിർമിക്കുന്നത് അദാനി പോർട്ട്സ്, എസ്.ഇ.സെഡ്, ശ്രീലങ്കൻ ഗ്രൂപ്പായ ജോൺ കീൽസ് ഹോൾഡിങ്‌സ്, ശ്രീലങ്ക പോർട്ട് അതോറിറ്റി എന്നിവർ ഉൾപ്പെടുന്ന കൺസോർഷ്യമാണ്.
കൊളംബോ തുറമുഖത്തിലെ കണ്ടെയ്നർ ടെർമിനലിൽ അദാനി ഗ്രൂപ്പിന് 51 ശതമാനം ഓഹരിയുണ്ട്. തുറമുഖത്തിൽ ചൈന മെർച്ചന്റ്സ് പോർട്ട് ഹോൾഡിങ്‌സ് കോയുടെ ടെർമിനലുമുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി, നിർമാണ മേഖലയിൽ ലോണുകളും മറ്റ് സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കി ശ്രീലങ്കയിൽ ചൈന ആധിപത്യം പുലർത്തി വരികയാണ്.
തിരക്കേറിയ ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽ റൂട്ടുകൾക്ക് തന്ത്രപ്രധാനമായ ഹമ്പൻടോട്ട തുറമുഖം ശ്രീലങ്കക്ക് പ്രയോജനകരമായിരിക്കും എന്ന് കരുതപ്പെട്ടിരുന്നു.
എന്നാൽ പിന്നീട് ഇത് നഷ്ടമുണ്ടാക്കുന്ന നിക്ഷേപമായി മാറുകയും ഒരു ബില്യൺ ഡോളറിലധികം ചൈനീസ് വായ്പകളിൽ ശ്രീലങ്കൻ സർക്കാർ വീഴ്ച വരുത്തുകയും ചെയ്തു. 2017ൽ ചൈന ഈ വായ്പ ജപ്തി ചെയ്യുകയും 99 വർഷത്തേക്ക് തുറമുഖത്തിന്റെ പ്രവർത്തനം പാട്ടത്തിനെടുക്കുകയും ചെയ്തു.
ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കകൾക്ക് വഴിവെച്ചു.
ഇത് ആദ്യമായാണ് യു.എസ് സർക്കാർ തങ്ങളുടെ ഏജൻസി വഴി അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയതും തിരക്കേറിയതുമായ തുറമുഖങ്ങളിൽ ഒന്നാണ് കൊളംബോ തുറമുഖം.
Content highlight: Adani’s Colombo port terminal project to get USD 553 mn funding from US amidst China’s aggressive infra push