|

ധാരാവിയിലെ താമസക്കാരെ മഹാരാഷ്ട്ര സർക്കാർ രാജ്യത്തെ മാലിന്യക്കൂമ്പാര മേഖലയിലേക്ക് മാറ്റാൻ അംഗീകാരം നൽകിയത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ ലംഘിച്ച്; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: ധാരാവിയിലെ താമസക്കാരെ മഹാരാഷ്ട്ര സർക്കാർ രാജ്യത്തെ മാലിന്യക്കൂമ്പാര മേഖലയിലേക്ക് മാറ്റാൻ അംഗീകാരം നൽകിയത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് റിപ്പോർട്ട്. ചേരിയിലെ 50,000 മുതൽ ഒരുലക്ഷം വരെയുള്ള നിവാസികളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യ നിർമാർജന കേന്ദ്രങ്ങളിലൊന്നായ ദേവ്നാർ ലാൻഡ്‌ഫില്ലിലേക്ക് മാറ്റാനുള്ള നിർദേശം 2024 ഒക്ടോബറിൽ മഹാരാഷ്ട്ര സർക്കാർ അംഗീകരിച്ചിരുന്നു.

എന്നാൽ ധാരാവി നിവാസികളെ ദേവ്നാർ മാലിന്യക്കൂമ്പാരത്തിലേക്ക് മാറ്റാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.പി.സി.ബി) മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്ര സർക്കാരുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് നയിക്കുന്ന ധാരാവി പുനർവികസന പദ്ധതിയുടെ (ഡി.ആർ.പി) ഭാഗമായാണ് ധാരാവി നിവാസികളെ മാലിന്യക്കൂമ്പാരത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

റിപ്പോർട്ട് അനുസരിച്ച് സി.പി.സി.ബിയുടെ 2021ലെ മാർഗനിർദേശങ്ങളിൽ മാലിന്യക്കൂമ്പാരങ്ങളുടെ 100 മീറ്ററിലോ അതിനുള്ളിലോ വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവ നിർമിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഈ നിയമം മാത്രം മാത്രം മതി ധാരാവി നിവാസികളെ ദിയോനാറിലേക്ക് മാറ്റുന്നത് തടയാൻ. ദേവ്നാർ ഒരു അടച്ചിട്ട മാലിന്യക്കൂമ്പാരം പോലുമല്ല മറിച്ച് രാജ്യത്തെ ഏറ്റവും കൂടുതൽ മീഥേൻ പുറത്ത് വിടുന്ന സ്ഥലങ്ങളിൽ ഒന്നാണിത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2024ല്‍ ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ദേവ്നറില്‍ നിന്ന് ഓരോ മണിക്കൂറിലും 6202 കിലോ മീഥെയ്ന്‍ ആണ് പുറന്തള്ളപ്പെടുന്നത്. ഇന്ത്യയിലെ 22 മീഥെയ്ന്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ് ദേവ്നാര്‍. 2024 സെപ്റ്റംബര്‍ 27-ന് ദേവ്നാറിലെ 124 ഏക്കര്‍ സ്ഥലം മുംബൈ നഗരസഭ സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിക്കായി കൈമാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

311 ഏക്കർ വിസ്തൃതിയുള്ള ദേവ്നാർ ലാൻഡ്‌ഫില്ലിൽ നിന്ന് 124 ഏക്കർ 2024 സെപ്റ്റംബർ 27ന് ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) ഡി.ആർ.പിക്കായി സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. 124 ഏക്കർ വിസ്തൃതിയുള്ള ഈ സ്ഥലത്ത് ഏകദേശം 80 ലക്ഷം മെട്രിക് ടൺ മാലിന്യം ഉണ്ട്.

ഈ മാലിന്യത്തിൽ നിന്ന് ഭൂമി വീണ്ടെടുക്കൽ പ്രക്രിയയ്ക്ക് കുറഞ്ഞത് 6-7 വർഷമെടുക്കുമെന്നും നിലവിലെ സാഹചര്യത്തിൽ 1,000 കോടി രൂപയിലധികം ചിലവാകുമെന്നും മുംബൈയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞതായി കഴിഞ്ഞ വർഷം ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

അദാനിയുടെ പുനര്‍നിര്‍മാണ പദ്ധതി പ്രകാരം 2000 ജനുവരി ഒന്നു വരെ ധാരാവിയില്‍ വീടുള്ളവര്‍ക്ക് മാത്രമാണ് ഗുണഭോക്താക്കളാകാന്‍ സാധിക്കൂ. അല്ലാത്തവരെ ധാരാവിയില്‍ നിന്നും മാറ്റുന്നതിന് വേണ്ടിയാണ് ദേവ്നാര്‍ ഡംപിങ് ഗ്രൗണ്ട് ഉപയോഗപ്പെടുത്താന്‍ തീരുമാനമായത്. കൂടാതെ മുളുണ്ട്, കാഞ്ചുര്‍മാര്‍ഗ്, ഭാണ്ഡൂപ്പ് എന്നിവിടങ്ങളിലെ ഉപ്പളങ്ങളാണ് ധാരാവിയിലെ താമസക്കാരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടു കൊടുക്കുന്നത്.

Content Highlight: Adani-Maharashtra roadmap for Dharavi: state clears move to shift over 50,000 people to waste dump

Latest Stories

Video Stories