ന്യൂദൽഹി: അദാനി ലാഭമുണ്ടാക്കുന്നത് മോശം കല്‍ക്കരി ഉയര്‍ന്ന വിലയ്ക്ക് ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വിറ്റുകൊണ്ടാണെന്ന് റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇന്ത്യയില്‍ അദാനി വില്‍ക്കുന്ന കല്‍ക്കരി നിലവാരം കുറഞ്ഞതാണെന്നാണ് റിപ്പോര്‍ട്ട്. ഇത് മൂന്നിരട്ടി വിലയ്ക്കാണ് ഇന്ത്യയില്‍ വില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അദാനിയുടെ കല്‍ക്കരി അഴിമതിയെ സാധൂകരിക്കുന്ന തെളിവുകള്‍ സമാഹരിച്ചത് ഇന്ത്യന്‍ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് ആണ്. തുടര്‍ന്ന് ഈ വിവരങ്ങള്‍ ഫിനാന്‍ഷ്യല്‍ ടൈംസിന് കൈമാറുകയായിരുന്നു.
2014 ജനുവരിയില്‍ അദാനി ഗ്രൂപ്പ് ഒരു ടണ്ണിന് 28 ഡോളര്‍ നിരക്കില്‍ ഒരു ഇന്തോനേഷ്യന്‍ കമ്പനിയില്‍ നിന്ന് ‘ലോ-ഗ്രേഡ്’ കല്‍ക്കരി വാങ്ങിയെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇത് പിന്നീട് നിലവാരമുള്ള കല്‍ക്കരിയാണെന്ന് സ്ഥാപിച്ച് തമിഴ്നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്ക് അദാനി വില്‍ക്കുകയായിരുന്നു.
തമിഴ്‌നാട് ആവശ്യപ്പെട്ട നിലവാരത്തിന് അനുസരിച്ചുള്ള കല്‍ക്കരിയല്ല അദാനി ഇറക്കുമതി ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവാരമില്ലാത്ത കല്‍ക്കരിയുമായി 25 ഓളം കപ്പലുകള്‍ തമിഴ്‌നാട് തീരത്ത് എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന്റെ വക്താക്കള്‍ നിഷേധിച്ചു. റിപ്പോര്‍ട്ട് തെറ്റാണെന്നും അടിസ്ഥാനരഹിതവുമാണെന്നാണ് പ്രതികരണം.
ടെന്‍ഡറിലും പര്‍ച്ചേസ് ഓര്‍ഡറിലും നല്‍കിയിരിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അദാനി ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കുറഞ്ഞ നിലവാരമുള്ള കല്‍ക്കരി ഇന്ത്യയില്‍ വിറ്റുവെന്ന വാദം തെറ്റാണെന്ന് വക്താക്കള്‍ പ്രതികരിച്ചു.
വൈദ്യുതി ഉത്പാദിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ മാത്രം ദോഷകരമായ വാതകങ്ങള്‍ പുറത്തുവിടുന്ന ശുദ്ധീകരിച്ച കല്‍ക്കരിയാണ് ഇന്ത്യയില്‍ വില്‍ക്കുന്നതെന്ന് അദാനി നേരത്തെ വാദമുയർത്തിയിട്ടുണ്ട്. എന്നാല്‍ 2022ല്‍ ദി ലാന്‍സെറ്റ് നടത്തിയ ഒരു പഠനത്തില്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും രണ്ട് മില്യണിലധികം ആളുകള്‍ ഔട്ട്‌ഡോര്‍ വായുമലിനീകരണം മൂലം മരിക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
അദാനി, എസ്സാര്‍ ഗ്രൂപ്പും ഉള്‍പ്പെടെയുള്ള ഏതാനും കമ്പനികളുടെ കല്‍ക്കരി ഇറക്കുമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കണമെന്ന് സി.ബി.ഐക്കും ഡി.ആര്‍.ഐക്കും (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) ദല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. 2023 ഡിസംബറിലാണ് ദല്‍ഹി ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
Content Highlight: Adani is reportedly selling low-quality coal in India