| Thursday, 21st November 2024, 8:11 am

അദാനിക്ക് കുരുക്ക്; അമേരിക്കയിൽ ശതകോടികളുടെ വഞ്ചനാ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ആഗോള കോടീശ്വരൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ ശതകോടികളുടെ വഞ്ചനാ കേസ്. ഇരുപത് വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ വിതരണ കരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ച് വെച്ച് അമേരിക്കയിൽ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.

ഗൗതം അദാനി, ബന്ധു സാഗർ അദാനി ഉൾപ്പടെ ഏഴ് പേർക്കെതിരെയാണ് കേസ്. അദാനിക്കെതിരെയും അദാനി ഗ്രീൻ എനർജി കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ വളരെ ഗൗരവമേറിയ കേസ് ആണ് അമേരിക്ക ഫയൽ ചെയ്തിരിക്കുന്നത്.

അദാനി ഗ്രീൻ എനർജി എന്ന കമ്പനി ഇന്ത്യയിൽ സൗരോർജ കോൺട്രാക്ടുകൾ ലഭിക്കാൻ 250 മില്യൺ ഡോളർ കോഴ നൽകി എന്നും തുടർന്ന് അമേരിക്കയിൽ നിക്ഷേപകരിൽ നിന്ന് കോൺട്രാക്ടിന് വേണ്ടിയുള്ള പണം ശേഖരിക്കാൻ കമ്പനി ഈ വിവരങ്ങൾ അപ്പാടെ മറച്ചുവെച്ചുമെന്നുമാണ് ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്ട് ഓഫ് ന്യൂയോർക്കിലെ യു.എസ് അറ്റോർണി നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.

നിരവധി വഞ്ചനാ, ഗൂഢാലോചന, അഴിമതി കുറ്റങ്ങളാണ് അദാനിക്കെതിരെ ചുമത്തിയിരിക്കുന്നത്. അദാനി ഗ്രീൻ എനർജി കമ്പനിയിലെ ഡയറക്ടർമാരായ സാഗർ അദാനി, ബിനി ജെയ്ൻ മറ്റ് അഞ്ചോളം ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസ് ഉണ്ട്.

175 മില്യൺ ഡോളറിലധികം യു.എസ് നിക്ഷേപകരിൽ നിന്നും കമ്പനി സമാഹരിച്ചിരുന്നു. ഇത് സമാഹരിച്ചപ്പോൾ അദാനി കമ്പനി അഴിമതി രഹിത നിലപാട് പിന്തുടരുന്ന കമ്പനിയാണെന്ന നിലപാട് യു.എസ് ഭരണകൂടത്തെയും നിക്ഷേപകരെയും അറിയിച്ച് അവരെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ക്രിമിനൽ കേസ് കൂടാതെ അമേരിക്കയുടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഫോറിൻ കറപ്റ്റ് ട്രേഡ് പ്രാക്ടിസിസ് ആൻഡ് ആക്ട് എന്ന നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി ഒരു സിവിൽ കേസ് കൂടി ഫയൽ ചെയ്തിട്ടുണ്ട്.

ന്യൂയോർക്കിലെ കോടതിയിൽ ഒരു ക്രിമിനൽ കേസും ഒരു സിവിൽ കേസുമാണ് അദാനിക്കെതിരെയുള്ളത്.

Content Highlight: Adani is in trouble; Fraud case of billions in America

We use cookies to give you the best possible experience. Learn more