ന്യൂദല്‍ഹി: അദാനി – ഹിന്‍ഡന്‍ബര്‍ഗ് വിഷയവുമായി ബന്ധപ്പെട്ട ഹരജികള്‍ ലിസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ സുപ്രീംകോടതി തങ്ങളെ പരിഗണിക്കാത്തതില്‍ ആശങ്ക അറിയിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഹരജിക്കാരുടെ പരാതിയെ തുടര്‍ന്ന് വിഷയത്തില്‍ പരിശോധനയുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു. പരിശോധനകള്‍ക്കായി കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പലതവണകളായി കോടതി വാദം മാറ്റിവെച്ചെന്നും കാലതാമസത്തിലൂടെ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ വലതുതാണെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ള എല്ലാവരോടും ഉടനെ അന്തിമ നിവേദനം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടതായി ബിസിനസ്സ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
അദാനി – ഹിന്‍ഡന്‍ബര്‍ഗ് തര്‍ക്കത്തിന്റെ പശ്ചാത്തലങ്ങള്‍ അവലോകനം ചെയ്യാന്‍ കോടതി മാര്‍ച്ചില്‍ ആറംഗ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ വിദഗ്ധ സമിതിയിലെ ആറ് അംഗങ്ങളില്‍ മൂന്ന് പേരുടെ നിഷ്പക്ഷതയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിക്കൊണ്ട് ഹര്‍ജിക്കാരില്‍ ഒരാള്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
തങ്ങളുടെ പശ്ചാത്തലവും അദാനിയുമായുള്ള ബന്ധവും കാരണം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടതായി ഹര്‍ജിക്കാരിയായ ആക്ടിവിസ്റ്റ് അനാമിക ജയ്സ്വാള്‍ ചൂണ്ടിക്കാട്ടി.