ഷിംല: കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ആപ്പിളുകള്‍ക്ക് വില വെട്ടിച്ചുരുക്കി അദാനി ഗ്രൂപ്പിന്റെ സംഭരണ ശാലകള്‍. കഴിഞ്ഞ തവണ ആപ്പിളുകള്‍ക്ക് നല്‍കിയതിനെക്കാള്‍ 20 ശതമാനം കുറച്ചാണ് ഇത്തവണ ആപ്പിളുകള്‍ക്ക് വിലയായി കര്‍ഷകര്‍ക്ക് നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം ഒരു കിലേഗ്രാം പ്രീമിയം ആപ്പിളിന് 88 രൂപയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ 72 രൂപ മാത്രമേ നല്‍കാനാവൂ എന്ന നിലപാടിലാണ് അദാനി ഗ്രൂപ്പ്.
നിശ്ചയിച്ചിട്ടുള്ള വില തീരെ കുറവാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. വില ഉയര്‍ത്താന്‍ തയാറായില്ലെങ്കില്‍ അദാനി ഗ്രൂപ്പിനെ ബഹിഷ്‌കരിക്കും എന്ന നിലപാടിലാണ് കര്‍ഷകര്‍.
‘ഇത് വളരെ നിരാശാജനകമാണ്, കര്‍ഷകര്‍ ഇത്തവണ അദാനി ഗ്രൂപ്പിനെ ബഹിഷ്‌കരിക്കണം,’ എന്ന് ഫ്രൂട്ട് വെജിറ്റബിള്‍ ആന്റ് ഗ്രോവേര്‍സ് അസോസിയേഷന്‍ പ്രസിഡന്റായ ഹരീഷ് ചൗഹാന്‍ പറഞ്ഞു. കമ്പനി ഏകപക്ഷീയമായാണ് വില നിര്‍ണയിക്കുന്നതെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ കര്‍ഷകരുടെയോ അഭിപ്രായം ഇല്ലാതെയാണ് വില തീരുമാനിക്കുന്നതെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
നല്ല തരം ആപ്പിളുകള്‍ക്ക് മണ്ഡികളില്‍ ഇതിലും നല്ല വില ലഭിക്കുന്നുണ്ടെന്നാണ് പ്രോഗ്രസ്സിവ് ഗ്രോവേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ലോകീന്ദര്‍ ബിഷ്ത് പറയുന്നത്.
കോള്‍ഡ് സ്റ്റോറുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ വലിയ തോതില്‍ സബ്‌സിഡികള്‍ നല്‍കിയ കോര്‍പ്പറേറ്റുകളാണ് കര്‍ഷകരെ ചൂഷണം ചെയ്യുന്നതെന്ന് ബിഷ്ത് പറഞ്ഞു. കര്‍ഷകര്‍ക്ക് ചെറിയ രീതിയില്‍ കോള്‍ഡ് സ്റ്റോറുകള്‍ സ്ഥാപിക്കാനുള്ള പ്രേരണ സര്‍ക്കാര്‍ നല്‍കണമെന്നും എന്നാല്‍ വിപണിയില്‍ വിലക്കയറ്റം ഉണ്ടാകുമ്പോഴും കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ സാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്ക് പ്രകാരം 60 ശതമാനത്തില്‍ കുറവ് നിറമുള്ള ആപ്പിളുകള്‍ക്ക് 12 മുതല്‍ 15 രൂപ വരെയാണ് ലഭിക്കുന്നത്. ഒരു കിലോ ആപ്പിളിന്റെ മുടക്കുമുതല്‍ 25 രൂപയായിരിക്കുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് തുച്ഛമായ വില ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.