| Tuesday, 15th October 2024, 7:55 pm

പ്രക്ഷോഭങ്ങള്‍ക്കിടയിലും കെനിയന്‍ സര്‍ക്കാരുമായി എനര്‍ജി കരാറില്‍ ഒപ്പുവെച്ച് അദാനി ഗ്രൂപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നയ്‌റോബി: ജനപ്രക്ഷോഭങ്ങള്‍ക്കിടയിലും കെനിയന്‍ സര്‍ക്കാരുമായി പുതിയ കരാറില്‍ ഒപ്പുവെച്ച് അദാനി ഗ്രൂപ്പ്. എനര്‍ജി കരാറിലാണ് കെനിയന്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും ഒപ്പുവെച്ചരിക്കുന്നത്.

കെനിയന്‍ ഊര്‍ജ കാബിനറ്റ് സെക്രട്ടറി ഒപിയോ വണ്ടായിയാണ് വിവരം പുറത്തുവിട്ടത്. രാജ്യത്തെ പ്രധാനപ്പെട്ട വൈദ്യുതി ലൈനുകള്‍ നിര്‍മ്മിക്കാനും പ്രവര്‍ത്തിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് എനര്‍ജി കരാര്‍.

അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് ആണ് കെനിയന്‍ കമ്പനിയുമായി എനര്‍ജി പ്രൊജക്റ്റില്‍ ധാരണയിലെത്തിയത്. കെനിയയില്‍ ഉടനീളമായി സബ്സ്റ്റേഷനുകള്‍ നിര്‍മിക്കാനും അതിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് ധനസഹായം നല്‍കാനുമാണ് അദാനി കമ്പനി ശ്രമിക്കുന്നത്.

കരാര്‍ പ്രകാരം, എനര്‍ജി മേഖലയുടെ വികസനത്തിനായി കെനിയന്‍ സര്‍ക്കാര്‍ സാമ്പത്തിക ചെലവുകള്‍ വഹിക്കുന്നതല്ല. കരാറില്‍ ഒപ്പിട്ട കെനിയ ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ കമ്പനി ലിമിറ്റഡ് 30 വര്‍ഷത്തിനുള്ളില്‍ അദാനി വഹിക്കുന്ന ചെലവ് തിരിച്ചടച്ചാല്‍ മതിയെന്നാണ് ധാരണ.

എനര്‍ജി മേഖലയില്‍ കെനിയ നിരന്തരമായി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയെ അദാനി ഗ്രൂപ്പ് മുതലെടുക്കുകയാണെന്ന് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിലവില്‍ വിമര്‍ശനവും ഉയരുന്നുണ്ട്.

കെനിയയിലെ ഏറ്റവും വലിയ വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭമുയരുന്ന സാഹചര്യത്തിലാണ് പുതിയ കരാര്‍. തലസ്ഥാന നഗരമായ നെയ്റോബിയിലെ ജോമോ കെനിയോട്ട ഏറ്റെടുക്കുന്നതിനെതിരെയാണ് കെനിയയില്‍ പ്രതിഷേധം ശക്തമാകുന്നത്.

കരാര്‍ അദാനി കമ്പനിക്ക് നല്‍കിയതില്‍ കൃത്രിമത്വം നടന്നതായും ഇത് രാജ്യത്തിന്റെ വ്യോമയാന നയങ്ങള്‍ക്കെതിരാണെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

2023 ഒക്ടോബറില്‍ കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ ഇന്ത്യയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അദാനി ഹോള്‍ഡിങ്സിന് കരാര്‍ ലഭിക്കുന്നത്. ഈ കരാര്‍ വഴി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 30 വര്‍ഷത്തേക്ക് ഗൗതം അദാനിയുടെ കമ്പനിക്ക് പാട്ടത്തിന് നല്‍കുകയാണ് ചെയ്തത്.

കെനിയന്‍ സര്‍ക്കാരിന്റെ നീക്കം പുനഃപരിശോധിക്കണമെന്ന് രാജ്യത്തെ ഫ്ളൈറ്റ് ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കെനിയാസ് അസോസിയേഷന്‍ ഓഫ് എയര്‍ ഓപ്പറേറ്റേഴ്‌സും (കെ.എ.എ.ഒ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കരാറിലെ വ്യവസ്ഥകള്‍ രാജ്യത്തിന്റെ നയങ്ങള്‍ക്ക് എതിരാണെന്നാണ് കെ.എ.എ.ഒ ചൂണ്ടിക്കാട്ടുന്നത്.

കൂടാതെ കരാര്‍ നല്‍കുന്നതിന് മുമ്പ് മറ്റ് പങ്കാളികളുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്താത്തിലും സംഘടന ചോദ്യമുയര്‍ത്തി.

Content Highlight: Adani Group signs energy deal with Kenyan government despite protests

We use cookies to give you the best possible experience. Learn more