തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. ഇതുസംബന്ധിച്ച് ഹൈക്കോടതിയിലാണ് അദാനി ഗ്രൂപ്പ് ഹരജി സമര്‍പ്പിച്ചത്. തുറമുഖ നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയും ഹരജി നല്‍കിയിട്ടുണ്ട്. പൊലീസ് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സമരം പത്താം ദിനം പിന്നിടുമ്പോഴാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരുക്കുന്നത്.
തുറമുഖത്തിനെതിരായ സമരക്കാര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചുകയറി പദ്ധതി പ്രദേശത്തെ പല സാധനസാമഗ്രികളും നശിപ്പിക്കുകയാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ അദാനി ആരോപിക്കുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും സമരക്കാരെ തടയാന്‍ പൊലീസ് തയ്യാറായില്ലെന്നും ഹരജിയില്‍ പറയുന്നു.
അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ആവര്‍ത്തിച്ചു. മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം സംബന്ധിച്ച് സമര നേതാക്കളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.
തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. ആര്‍ച്ച് ബിഷപ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
നിര്‍മാണം നിര്‍ത്തിവെക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയിരുന്നു. സമരത്തെ വിമര്‍ശിച്ചുകൊണ്ടും മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചിരുന്നു.
ചിലയിടങ്ങളിലെ സമരം ആസൂത്രിതമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. തുറമുഖ നിര്‍മാണ പദ്ധതി നിര്‍ത്തി വെക്കണമെന്ന ആവശ്യം തള്ളിയ മുഖ്യമന്ത്രി, പദ്ധതിക്കെതിരായ നിലപാട് വികസനവിരുദ്ധവും ജനവിരുദ്ധവുമാണെന്നും പറഞ്ഞിരുന്നു.
അതിനിടയില്‍, സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമാണെന്നും സി.പി.ഐയുടെ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.
ഇതുസംബന്ധിച്ച് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. മത്സ്യമേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും സി.പി.ഐ സമ്മേളനത്തില്‍ പറഞ്ഞു.
Content Highlights: Adani Group seeks protection of central forces in construction of Vizhinjam port