ന്യൂദല്‍ഹി: ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്ദ്ര തുറമുഖത്ത് നിന്നും 3000 കിലോ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. തുറമുഖം നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ് ഉള്ളത്.
എന്നാല്‍ തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും അവിടെ എത്തുന്ന ചരക്ക് പരിശോധിക്കാനുള്ള അവകാശമില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം.
”ഇന്ത്യയിലെ ഒരു പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്കും തുറമുഖത്ത് കണ്ടെയ്‌നറില്‍ വരുന്ന ചരക്ക് പരിശോധിക്കാനുള്ള അവകാശമില്ല. അവരുടെ ജോലി തുറമുഖത്തിന്റെ നടത്തിപ്പ് മാത്രമാണ്,” അദാനി ഗ്രൂപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഈ പ്രസ്താവന അദാനി ഗ്രൂപ്പിനെതിരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും ഉയര്‍ന്ന് വരുന്ന തെറ്റായ പ്രൊപ്പഗാന്‍ഡ പ്രചാരണങ്ങള്‍ക്ക് അവസാനം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രൂപ്പ് പറഞ്ഞു.
സെപ്റ്റംബര്‍ 15നായിരുന്നു കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) തുറമുഖത്ത് നിന്നും രണ്ട് കണ്ടെയ്‌നറുകളിലായി അഫ്ഗാന്‍ നിര്‍മിത ഹെറോയിന്‍ പിടികൂടിയത്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇത് എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം 21000 കോടി വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാം ഹെറോയിന് ഏകദേശം അഞ്ച് മുതല്‍ ഏഴ് കോടി വരെ വില വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇന്ത്യയില്‍ ഇതുവരെ ഒറ്റത്തവണയായി ഹെറോയിന്‍ പിടിച്ചെടുത്തതില്‍ ഏറ്റവും വലിയതാണ് മുന്ദ്രയിലേത്.
സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ എം സുധാകര്‍, ഭാര്യ ദുര്‍ഗ വൈശാലി എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചില അഫ്ഗാന്‍ പൗരന്മാരുടെ പങ്കും ഡി.ആര്‍.ഐ പരിശോധിക്കുന്നുണ്ട്.